കൊച്ചി: മതവിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ച കുറ്റത്തിന് ഹിമവല്‍ ഭദ്രാനന്ദ അറസ്റ്റില്‍. ഇതര സമുദായങ്ങളെ മോശമായി ചിത്രീകരിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ ഇട്ടതിന്റെ പേരില്‍  എറണാകുളം നോര്‍ത്ത് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. 

ഫെയ്സ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി പരിശോധിച്ച പോലീസ്, പോസ്റ്റുകള്‍ പരിശോധിക്കുകയും തുടർന്ന് കേസെടുക്കുകയുമായിരുന്നു. 'തോക്ക് സ്വാമി' എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദയെ ചോദ്യം ചെയ്യുന്നതിന് സ്‌റ്റേഷനിലേയ്ക്ക് വിളിച്ചുവരുത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. അറസ്റ്റിനു ശേഷം വൈദ്യ പരിശോധന നടത്തി, എറണാകുളം അഡീഷണല്‍ സിജെഎം കോടതിയില്‍ ഇയാളെ ഹാജരാക്കും. 

ആലുവയില്‍ തോക്ക് ഉപയോഗിച്ച കേസുമായി ബന്ധപ്പെട്ട് ഹിമവല്‍ ഭദ്രാനന്ദയ്‌ക്കെതിരായ കേസില്‍ ഇന്ന് കോടതി വിധിപറയാനിരുന്നതായിരുന്നു. എന്നാല്‍ വിധിപ്രസ്താവം കോടതി മാറ്റിവെക്കുകയായിരുന്നു.