കൊച്ചി: പുതുവൈപ്പിനില്‍ ഐഒസി പ്ലാന്റിനെതിരായി സമരം നടത്തുന്നവര്‍ക്കെതിരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പേര്‍ക്ക് പരിക്ക്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ക്കെതിരെയാണ് പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയത്. 

ജനവാസ കേന്ദ്രത്തില്‍ ഐഒസി പ്ലാന്റ് പ്രവര്‍ത്തിക്കുന്നതിനെതിരെയാണ് സമരം നടക്കുന്നത്. പുനരാരംഭിച്ച പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തണമെന്നും കഴിഞ്ഞ ദിവസം സമരക്കാരെ നേരിട്ട ഡിസിപി യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടിവേണമെന്നും ആവശ്യപ്പെട്ടമായിരുന്നു രാവിലെമുതല്‍ ജനങ്ങള്‍ സമരം ആരംഭിച്ചത്. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് സമരരംഗത്തുള്ളത്‌.

പോലീസ് നടപടിയില്‍ നിരവധി പേര്‍ക്ക് ലാത്തികൊണ്ടുള്ള അടിയേറ്റു. രക്തം വാര്‍ന്ന നിലയില്‍ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി. ജനങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തുകയാണ്.

ഹരിത ട്രൈബ്യൂണലിന്റെ വിധി വന്നതിനു ശേഷം മാത്രമെ ഇനി പ്രവര്‍ത്തിക്കൂ എന്ന് മന്ത്രി ഉറപ്പുതന്നിരുന്നതാണെന്നും എന്നാല്‍ അതിനു മുന്‍പേ കമ്പനി പ്രവര്‍ത്തനം ആരംഭിച്ചതിനാലാണ് സമരം പുനരാരംഭിച്ചതെന്നും നാട്ടുകാര്‍ വ്യക്തമാക്കി. ഇന്ന് സമരം നടത്തിയവര്‍ക്കുനേരെ കമ്പനിക്കുള്ളില്‍നിന്നും പ്രകോപനമുണ്ടായതായും സമരക്കാര്‍ അരോപിച്ചു. സമരം പിന്‍വലിക്കാതെ സമരരംഗത്തുനിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് സമരക്കാര്‍.

പുതുവൈപ്പിനില്‍ പ്രതിഷേധം തുടരുകയാണ്. പോലീസും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലത്തെത്തി സമരക്കാര്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

kochi
പുതുവൈപ്പിനില്‍ ഐ.ഒ.സി. പ്ലാന്റിനെതിരെ നാട്ടുകാര്‍ നടത്തുന്ന സമരം. ഫോട്ടോ: ടി.കെ.പ്രദീപ് കുമാര്‍. 

 

കഴിഞ്ഞ ദിവസം നടത്തിയ സമരത്തെ അടിച്ചമര്‍ത്തിയ കൊച്ചി ഡി സി പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുണ്ടായ പോലീസ് നടപടിക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. കൊച്ചി മെട്രോ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി എത്തുന്നതിനാല്‍ യാതൊരു സമരവും നഗരത്തില്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പോലീസിന്റെ നടപടി. നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇരുനൂറോളം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

അങ്കമാലിയില്‍ നടന്ന എല്‍ഡിഎഫ് ഉപരോധം അടക്കമുള്ള സമരങ്ങളെ ക്രൂരമായി നേരിട്ടതിന് ഡി സി പി യതീഷ് ചന്ദ്രയ്‌ക്കെതിരെ നേരത്തെയും പ്രതിഷേധമുയര്‍ന്നിരുന്നു.