തിരുവനന്തപുരം: അക്രമകാരികളായ തെരുവുനായ്ക്കളെ മരുന്നു കുത്തിവെച്ച് കൊല്ലാന്‍ നിര്‍ദ്ദേശം. തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

തെരുവുനായ്ക്കളെ വന്ധ്യംകരിക്കാന്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ വേണം. ഓപ്പറേഷന്‍ കഴിഞ്ഞ് രണ്ടുദിവസമെങ്കിലും പരിചരിക്കേണ്ടതായും വരും. ആവശ്യത്തിന് ഡോക്ടര്‍മാരുടെ സേവനം ലഭിച്ചില്ലെങ്കില്‍ അവസാന വര്‍ഷ വെറ്റിനറി വിദ്യാര്‍ഥികളുടെ സേവനം ഉപയോഗപ്പെടുത്താന്‍ കഴിയുമോയെന്നും പരിശോധിച്ച് വരികയാണ്. മൂന്ന് ബ്ലോക്കുകളില്‍ ഒരു വന്ധ്യംകരണ യൂണിറ്റ് എന്ന തരത്തിലാണ് ഇപ്പോള്‍ ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തെരുവുനായ വ്യാപനം തടയാന്‍ വന്ധ്യംകരണം അടക്കമുള്ളവ ഉള്‍പ്പെട്ട എ.ബി.സി പ്രോജക്ട് എല്ലാ പഞ്ചായത്തുകളിലും നടപ്പിലാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരു തെരുവുനായയെ വന്ധ്യംകരിക്കാന്‍ 2000 രൂപ ചിലവ് വരും. ഭാഗികമായി മാത്രമാണ് പ്രവര്‍ത്തനങ്ങള്‍ നടന്നുവന്നത്. ഇനി വ്യവസ്ഥാപിതമായി മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

അക്രമകാരികളായ തെരുവുനായ്ക്കളെ സംസ്ഥാനത്തെ പലസ്ഥലത്തും കൊല്ലുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. നിയമ പ്രശ്‌നങ്ങള്‍മൂലം ഇവ ചെയ്യുന്നത് ആരാണെന്ന് പുറത്തുപറയാന്‍ കഴിയില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.