തിരുവനന്തപുരം: തെരുവുനായ്ക്കളെ വന്ധ്യംകരിച്ച് സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ തീരുമാനം. ഇതിനായി പ്രത്യേക സ്ഥലം കണ്ടെത്തും. പ്രശ്‌നം രൂക്ഷമായ പ്രദേശങ്ങളില്‍ പരിശീലനം ലഭിച്ചവരെ ഉപയോഗിച്ച് സെപ്തംബര്‍ മുതല്‍ സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പിലാക്കും. അനിമല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്റെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക. 

തെരുവുനായകളെ പിടികൂടി വന്ധ്യംകരിക്കും. ഇതിനായി പ്രത്യേക നായ വന്ധ്യംകരണ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ ഒന്നുമുതല്‍ വിശദമായ പദ്ധതി തയാറാക്കി സംസ്ഥാന വ്യാപകമായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിയമാനുസൃതമായി തെരുവുനായ നിയന്ത്രണനടപടികള്‍ ആരംഭിക്കാനും യോഗത്തില്‍തീരുമാനമായി. ജില്ലാ കളക്ടര്‍മാര്‍ക്കാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല. 

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തുകളുടെ സഹകരണത്തോടെ നായ്ക്കളെ പിടികൂടി പ്രത്യേക ക്യാമ്പുകളില്‍ എത്തിച്ച് വന്ധ്യംകരണം നടത്തും. ഇവയ്ക്ക് ആവശ്യമായ സംരക്ഷണവും ചികിത്സയും നല്‍കും. ഇതിനായി മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാര്‍ക്കു പുറമേ കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരെ നിയോഗിക്കാനും തീരുമാനമായി. എല്ലാ ജില്ലാ ഫാമുകളിലും ഇത്തരത്തില്‍ പിടികൂടുന്ന നായകളെ പാര്‍പ്പിക്കാന്‍ സ്ഥലം കണ്ടെത്തും. രണ്ടേക്കര്‍ സ്ഥലമാണ് നായ സംരക്ഷണത്തിനായി മാറ്റിവയ്ക്കുക. 

മുഴുവന്‍ മൃഗക്ഷേമ സംഘടനകളെയും രജിസ്റ്റര്‍ ചെയ്യിക്കും. മൃഗക്ഷേമ സംഘടനകള്‍ക്കാണ് സംരക്ഷിക്കപ്പെടുന്ന നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള ചുമതല. പരിശീലനം സിദ്ധിച്ച നായപിടുത്തക്കാരെ കണ്ടെത്തി തെരുവുനായകളെ പിടികൂടുന്നത് അടിയന്തരമായി ആരംഭിക്കാനാണ് യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്. പദ്ധതി നടത്തിപ്പിനായി തദ്ദേശ സ്ഥാപനങ്ങളുടെ യോഗം വിളിക്കും. മാസത്തില്‍ പത്തുദിവസമെങ്കിലും ഓരോ ബ്ലോക്ക് അടിസ്ഥാനത്തില്‍ നായകളുടെ വന്ധ്യംകരണ ക്യാമ്പ് നടത്താനും യോഗത്തില്‍ തീരുമാനമായി.