പൊന്നാനി: മലപ്പുറം പൊന്നാനിയില്‍ ഒന്നാംക്ലാസ് വിദ്യാര്‍ഥിക്ക് തെരുവുനായയുടെ കടിയേറ്റു. ബി.എം.എല്‍.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി സാദിയ ഷെറിനാണ് തെരുവുനായയുടെ കടിയേറ്റത്. കഴുത്തിന് കടിയേറ്റ കുട്ടിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂള്‍ വളപ്പില്‍ വെച്ചാണ് കുട്ടിയെതെരുവുനായ ആക്രമിച്ചത്. പരിക്ക് അല്‍പ്പം ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ടോയ്‌ലെറ്റിലേക്ക് പോകുന്ന വഴിയിലാണ് തെരുവുനായ്ക്കള്‍ കുട്ടികളുടെ ദേഹത്തേക്ക് ചാടിവീണത്. സാദിയയ്‌ക്കൊപ്പമുണ്ടായിരുന്ന മറ്റ് കുട്ടികള്‍ ഓടിരക്ഷപ്പെട്ടു. പൊന്നാനി സ്വദേശിയായ നവാസിന്റെ മകളാണ് അഞ്ച് വയസുകാരിയായ സാദിയഷെറിന്‍. സാരമായി പരിക്കേറ്റതിനാല്‍ പ്രഥമിക ചികിത്സ നല്‍കിയതിന് ശേഷം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.