തിരുവനന്തപുരം:  സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന് നേരെ ഭീഷണി. പിസിജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ കേസെടുത്തതിന് ശേഷമാണ് എം.സി ജോസഫൈന് നേരെ ഭീഷണി കത്തുകള്‍ വന്നു തുടങ്ങിയത്. . 

ഭീഷണിക്കത്തിനൊപ്പം തനിക്ക് മനുഷ്യവിസര്‍ജ്യം തപാല്‍വഴി അയച്ചുതന്നുവെന്നും എം.സി. ജോസഫൈന്‍ വ്യക്തമാക്കി. മാത്രമല്ല നടിയെ ആക്രമിച്ച കേസില്‍ ഇടപെട്ട സിനിമയിലെ വനിതാ കൂട്ടായ്മയിലെ അംഗങ്ങള്‍ക്കും ഭീഷണിയുള്ളതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ജോസഫൈന്‍ പറയുന്നു. 

മോശം പരാമര്‍ശങ്ങളും ഭീഷണികളും അടങ്ങുന്ന കത്തുകളാണ് എം.സി. ജോസഫൈന് ലഭിച്ചിട്ടുള്ളത്. വനിതാ കമ്മീഷന്‍ ഓഫീസിലേക്കാണ് മനുഷ്യവിസര്‍ജ്യം പാക്ക് ചെയ്ത് അയച്ചത്. പരാതി ഉടന്‍തന്നെ പോലീസിന് കൈമാറുമെന്ന് എം.സി. ജോസഫൈന്‍ വ്യക്തമാക്കി. 

നടിയെ ആക്രമിച്ച കേസിലെ പരാമര്‍ശങ്ങളുടെ പേരില്‍ പി.സി.ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ കമ്മീഷന്‍ കേസെടുത്തിരുന്നു. വിഷയത്തില്‍ രണ്ടുപേരും തമ്മില്‍ രൂക്ഷമായ ഭാഷയില്‍ വാക്‌പോക് നടത്തിയിരുന്നു. ഇതിനെല്ലാം ശേഷമാണ് ഭീഷണി കത്തുകള്‍ വന്നു തുടങ്ങിയത്. എന്നാല്‍ പോലീസിന് പരാതി നല്‍കുമ്പോള്‍ ഇക്കാര്യം സൂചിപ്പിക്കുമോ എന്ന് വ്യക്തമല്ല.