മൂന്നാര്‍ : ചിന്നക്കനാലിലെ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി കുരിശു സ്ഥാപിച്ചതിന് തൃശൂര്‍ ആസ്ഥാനമായുള്ള പ്രാര്‍ഥനാ സംഘമായ സ്പിരിറ്റ് ഇന്‍ ജീസസ് മേധാവിക്കെതിരെ കേസെടുത്തു. സംഘടന സ്ഥാപകന്‍ കൂടിയായ ടോം സ്‌കറിയയ്‌ക്കെതിരെ ശാന്തന്‍പാറ പൊലീസാണ് കേസെടുത്തിരിക്കുന്നത്. 

സര്‍ക്കാര്‍ ഭൂമിയില്‍ അതിക്രമിച്ചു കയറിയതിനും സ്ഥലം കയ്യേറിയതിനുമാണു കേസ്. കയ്യേറ്റമൊഴിപ്പിക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തില്‍ മണ്ണുത്തി സ്വദേശി പൊറിഞ്ചുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരുവരും ഒളിവില്‍ പോയതായി പൊലീസ് അറിയിച്ചു.

നേരത്തെ  ടോം സക്റിയയ്‌ക്കെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം കേസെടുക്കണമെന്നു ഉടുമ്പന്‍ചോല അഡീഷനല്‍ തഹസില്‍ദാര്‍ എം.കെ. ഷാജി ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് പോലീസ് ടോം സക്കറിയയ്‌ക്കെതിരെ കേസെടുത്തത്. 

പാപ്പാത്തിചോലയില്‍ സ്പിരിറ്റ് ഇന്‍ ജീസസ് കൈയേറ്റിയ ഭൂമിയിലെ കുരിശും താല്‍ക്കാലിക കെട്ടിടങ്ങളും ദേവികുളം തഹസീല്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം പൊളിച്ചു നീക്കിയിരുന്നു. ഇരുമ്പ് കുരിശ് നീക്കം ചെയ്ത ഉദ്യോഗസ്ഥര്‍ മൂന്നു ഷെഡുകള്‍ പൊളിച്ച ശേഷം കത്തിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പാപ്പത്തിചോലിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച ശേഷമായിരുന്നു ഉദ്യോഗസ്ഥരുടെ നടപടി.

സ്പിരിറ്റ് ഇന്‍ ജീസസ്

തൃശ്ശൂര്‍ കുരിയച്ചിറ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘമാണ് 'സ്പിരിറ്റ് ഇന്‍ ജീസസ് മിനിസ്ട്രി'.

യേശുവിന്റെ വെളിപാട് 24 വര്‍ഷംമുമ്പാണ് തനിക്കുണ്ടായതെന്ന് സ്പിരിറ്റ് ഇന്‍ ജീസസ് അധ്യക്ഷന്‍ അവകാശപ്പെടുന്നു. ഇവര്‍ കുരിശിനെ ആരാധിക്കുന്നവരെങ്കിലും ഇതരകാര്യങ്ങളില്‍ മറ്റുസഭകളില്‍നിന്ന് വ്യത്യസ്തരാണ്. ഇടുക്കി ജില്ലയില്‍ കാര്യമായ വേരോട്ടമില്ല. കരിസ്മാറ്റിക് ഗ്രൂപ്പുകളുടേതിന് സമാനമാണ് ആരാധന. മരിച്ചുപോയവരുടെ ആത്മാവിനെ തിരികെ ഭൂമിയിലേക്ക് വിളിച്ചുവരുത്തി അവരുടെ പാപങ്ങള്‍ മോചിപ്പിച്ച് കൊടുക്കുമെന്ന അവകാശവാദവും ഈ സംഘടന ഉന്നയിക്കുന്നുണ്ട്.

വ്യക്തികേന്ദ്രീകൃത സഭയായതിനാല്‍ മുഖ്യധാരാ ക്രൈസ്തവ സഭകളൊന്നും ഇവരെ അംഗീകരിക്കുന്നില്ല. സ്പിരിറ്റ് ഇന്‍ ജീസസ് എന്നത് വ്യക്തിയുടെ വഴിതെറ്റല്‍ മാത്രമാണെന്നും ഇത് സാത്താന്‍ ആരാധനയാണെന്നും മറ്റു ക്രൈസ്തവസഭകള്‍ പഠിപ്പിക്കുന്നു. ഇവരുമായി സഹകരിക്കുന്നതില്‍ കത്തോലിക്കാസഭ വിശ്വാസികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.