കൊച്ചി: സോളാര്‍ റിപ്പോര്‍ട്ടില്‍ ഗണേഷ്കുമാറിന്റെ പേര് ഒഴിവാക്കിയത് ഗൂഢാലോചനയെന്ന് ബെന്നി ബെഹനാന്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ആദ്യം കേട്ട ചില പേരുകള്‍ അപ്രത്യക്ഷമായി. കേള്‍ക്കാത്ത പേരുകള്‍ക്ക് പിന്നീട് മുന്‍തൂക്കം കിട്ടി. ഇതാണ് സോളാര്‍ കമ്മീഷന്റെ ഇടപെടലില്‍ നിഗമനത്തില്‍ ഗൂഢാലോചനയുണ്ടെന്ന സംശയം ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു.
തെളിവില്ലാത്ത കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
കേസ് ഒതുക്കാന്‍ താന്‍ ശ്രമിച്ചതായി ഒരു പോലീസ് ഉദ്യോഗസ്ഥനും മൊഴി നല്‍കിയിട്ടില്ല. ഈ സര്‍ക്കാരിന്റെ കാലത്താണ് പോലീസ് ഉദ്യോഗസ്ഥര്‍ കമ്മീഷന് മുന്നില്‍ മൊഴിനല്‍കിയത്. 33 കേസുകളില്‍ ഏത് കേസിലാണ് താന്‍ സമ്മര്‍ദം ചെലുത്തിയതെന്ന് കമ്മീഷന് വ്യക്തമാക്കണം.
ഈ റിപ്പോര്‍ട്ടിന്റെയോ അന്വേഷണത്തിന്റെയോ പേരില്‍ സര്‍ക്കാരിന്റെ മുന്നില്‍ യാചനയുമായി ഒരു കോണ്‍ഗ്രസ് നേതാവും പോകില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.