തിരുവനന്തപുരം: ദേവസ്വം സെക്രട്ടറി വി എസ് ജയകുമാറിന് നിര്‍ബന്ധിത അവധി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് സെക്രട്ടറിക്കെതിരെ നടപടി. 2013 ല്‍ ശബരിമലയില്‍ പാത്രങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിലാണ് നടപടി. 

ദേവസ്വംബോര്‍ഡ് യോഗത്തില്‍ വി എസ് ജയകുമാറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും ബോര്‍ഡംഗം അജയ് തറയിലും ഇതിനെ എതിര്‍ത്തു. ഇതേ തുടര്‍ന്നാണ് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ജയകുമാറിനോടി നിര്‍ദ്ദേശിച്ചത്.

ശബരിമലയില്‍ പാത്രങ്ങള്‍ വാങ്ങിയതില്‍ അഴിമതി നടന്നുവെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് സെക്രട്ടറിക്കെതിരെ നടപടി വേണമെന്ന ആവശ്യം ബോര്‍ഡ് യോഗത്തില്‍ ഉയര്‍ന്നത്. പാത്രം വാങ്ങിയതിലെ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കണമെന്ന് ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി.

മണ്ഡല, മകരവിളക്ക് സീസണിലെ ആവശ്യങ്ങള്‍ക്കായാണ് പാത്രങ്ങള്‍ വാങ്ങിയതെന്നാണ് കണക്കെങ്കിലും മുന്‍ വര്‍ഷങ്ങളില്‍ വാങ്ങിയ സാധനങ്ങള്‍ ഗോഡൗണില്‍ കെട്ടിക്കിടക്കുന്നതിനിടെയാണ് പുതിയതായി പാത്രങ്ങള്‍ വാങ്ങിയത്. 1.87 കോടിയുടെ പാത്രങ്ങളാണ് വാങ്ങിയത്. സംഭവത്തില്‍ ക്രമക്കേടുണ്ടെന്ന് ദേവസ്വം കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.