തിരുവനന്തപുരം: കായല്‍ കയ്യേറി നികത്തിയെടുത്തെന്ന ആരോപണം നിലനില്‍ക്കുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ പ്രോസിക്യൂഷന്‍ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല റവന്യുമന്ത്രിക്ക് കത്ത് നല്‍കി. നെല്‍വയല്‍ നികത്തല്‍ നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. 

നിലം നികത്തല്‍ ഉണ്ടായിട്ടുണ്ടെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ 2008 ലെ നെല്‍വയല്‍ നികത്തല്‍ നിയമപ്രകാരം കേസെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. 

മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക്ക്പാലസ് റിസോര്‍ട്ടിന് വേണ്ടി പാര്‍ക്കിങ് ഭാഗം നിര്‍മിക്കാനാണ് തോമസ് ചാണ്ടി കായല്‍ നികത്തിയതെന്നാണ് തെളിവുകള്‍ പുറത്തുവന്നിരിക്കുന്നത്‌.

ഇതിലൂടെ മൂന്ന് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മന്ത്രി ചെയ്തതെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്. 2013 മുതലുള്ള ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് കയ്യേറ്റം സ്ഥിരീകരിച്ചത്.

അധികാരത്തിലിരിക്കുന്ന ഒരു മന്ത്രി ഭൂമി കയ്യേറിയത് ന്യായീകരിക്കാനാവില്ലെന്നും ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.