ന്യൂഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവും പരിഹാസവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പരാജയപ്പെട്ടു. തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ എട്ട് വര്‍ഷത്തെക്കാള്‍ കൂടി. ബിജെപി സര്‍ക്കാര്‍ കോര്‍പറേറ്റുകളെ സഹായിക്കുകയാണ്. എന്നാല്‍ കര്‍ഷകരെ സഹായിക്കാന്‍ തയാറാകുന്നില്ല.

മോദി പറയുന്നത് സ്വച്ഛ ഭാരതം സൃഷ്ടിക്കുമെന്നാണ്, എന്നാല്‍ നമുക്ക് വേണ്ടത് സച്ച് ഭാരതമാണ്(യഥാര്‍ഥ ഭാരതം)-രാഹുല്‍ പറഞ്ഞു. ജെഡിയുവില്‍ നിന്ന് പുറത്താക്കപ്പെട്ട ശരദ് യാദവ് വിളിച്ചുചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടി നേതാക്കന്മാരുടെ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. 

ഒരു കൂട്ടര്‍ പറയുന്നു ഈ രാജ്യം ഞങ്ങളുടേതാണെന്ന്, ഞാന്‍ ഈ രാജ്യക്കാരനാണെന്ന് മറ്റുള്ളവര്‍ പറയുന്നു-ഇതാണ് ആര്‍എസ്എസുകാരും നമ്മളും തമ്മിലുള്ള വ്യത്യാസം. ആര്‍എസ്എസുകാര്‍ക്ക് അറിയാം അവരുടെ ആശയം കൊണ്ട് തിരഞ്ഞെടുപ്പ് ജയിക്കാമെന്ന്. ബ്യൂറോക്രസിയിലും, മാധ്യമരംഗത്തും, ജുഡീഷ്യറിയില്‍ പോലും ആര്‍എസ്എസ് അവരുടെ ആളുകളെ സ്ഥാപിക്കുന്നു-രാഹുല്‍ കുറ്റപ്പെടുത്തി

നമ്മള്‍ ഒരുമിച്ച് നേരിട്ടാല്‍ ബിജെപിയെ എവിടെയുമില്ലാതെ തുരത്താം. എവിടെയൊക്കെ മോദി പോകുന്നുണ്ടോ അവിടെയെല്ലാം കള്ളംപറയുകയാണ്. മേക്ക് ഇന്‍ ഇന്ത്യ പറഞ്ഞു. എന്നാല്‍ ഭൂരിഭാഗം സാധനങ്ങളും മെയ്ഡ് ഇന്‍ ചൈനയാണെന്നും രാഹുല്‍ പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, അഖിലേഷ് യാദവ്, സീതാറാം യെച്ചൂരി തുടങ്ങിയവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.