കൊച്ചി: പുതുവൈപ്പില്‍ ഐഒസി പ്ലാന്റിനെതിരെ സമരം നടത്തിയവര്‍ക്കെതിരായ പോലീസ് നടപടിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. കുട്ടികളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കരുതായിരുന്നുവെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. സംഭവത്തില്‍ മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ടു നല്‍കണമെന്നും സിറ്റി പൊലീസ് കമ്മിഷണറോട് നിര്‍ദേശിച്ചു.

പ്രദേശത്ത് സംഘര്‍ഷാവസ്ഥയ്ക്ക് അയവില്ലാതിരിക്കെയാണു മനുഷ്യാവകാശ കമ്മിഷന്റെ നടപടി. പ്രതിഷേധക്കാരെ പൊലീസ് തല്ലിച്ചതച്ച സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച വൈപ്പിനില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 

ജനവാസ കേന്ദ്രത്തില്‍ ഐഒസി പ്ലാന്റ് പ്രവര്‍ത്തിക്കുന്നതിനെതിരെയായിരുന്നു നാട്ടുകാരുടെ സമരം. ഇതിനെ തുടര്‍ന്ന് സമരക്കാര്‍ക്കുനേരെ പോലീസ് ലാത്തി വീശുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് പോലീസ് ലാത്തി വീശിയത്. 

പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തണമെന്നും കഴിഞ്ഞ ദിവസം സമരക്കാരെ നേരിട്ട ഡിസിപി യതീഷ് ചന്ദ്രയ്ക്കെതിരെ നടപടിവേണമെന്നും ആവശ്യപ്പെട്ടുമായിരുന്നു രാവിലെമുതല്‍ ജനങ്ങളുടെ സമരം.