കൊച്ചി: നടിയെ ആക്രമിച്ച ശേഷം പള്‍സര്‍ സുനിയ്ക്ക് നിയമ സഹായം നല്‍കിയെന്ന് പോലീസ് സംശയിക്കുന്ന അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് സൂചന. സുനിയെ പ്രതീഷ് ചാക്കോയ്ക്ക് പരിചയപ്പെടുത്തിയത് ദിലീപ് ആണെന്നാണ് പോലീസ് പറയുന്നത്.

ഒളിവില്‍ പോയ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്കായുള്ള തിരച്ചിലും പോലീസ് ഊര്‍ജ്ജിതമാക്കി.  ചോദ്യം ചെയ്യലുമായി ദിലീപ് സഹകരിക്കാത്ത സാഹചര്യത്തിലാണ് അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെയും അപ്പുണ്ണിയെയും കസ്റ്റഡിയിയിലെടുക്കാന്‍ പോലീസ് ഒരുങ്ങുന്നത്.

ക്വട്ടേഷന്‍ തുക കൈമാറാന്‍ ശ്രമിച്ചതിലും അപ്പുണ്ണിയുടെ പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നു. ഗൂഢാലോചന ശ്രമത്തില്‍ പങ്കാളിയായതിനും പോലീസിന് ചില സംശയങ്ങളുണ്ട്.

ദിലീപിനെയും അപ്പുണ്ണിയെയും പോലീസ് ഒരുമിച്ച് ചോദ്യം ചെയ്യുന്നത് ഒഴിവാക്കാനാണ് അപ്പുണ്ണി ഒളിവില്‍ കഴിയുന്നതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

കുറ്റകൃത്യത്തിന് ശേഷം സുനി മെമ്മറി കാര്‍ഡ് കൈമാറിയത് പ്രതീഷ് ചാക്കോയ്ക്കാണെന്ന് പോലീസ് സംശയിക്കുന്നു.നടിയെ ആക്രമിച്ചസംഭവം ചിത്രീകരിച്ച മൊബൈല്‍ഫോണ്‍   അഭിഭാഷകന്റെ ഓഫീസില്‍വെച്ച്  നല്‍കിയെന്നാണ് സുനിയുടെ മൊഴി. അവിടെ പരിശോധന നടത്തിയെങ്കിലും ബാഗ് മാത്രമാണ് കിട്ടിയത്. ഫോണ്‍കിട്ടിയില്ല. അത് നിര്‍ണായക തെളിവാണ്.

ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പ്രതീഷ് ചാക്കോയെ കസ്റ്റഡിയിലെടുക്കാനൊരുങ്ങുന്നത്. സിനിമ മേഖലയില്‍ നിന്നുള്ള കൂടുതല്‍പേരെയും ചോദ്യം ചെയ്യുന്നുണ്ട്.