കൊച്ചി: നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെ അറസ്റ്റുമായി ബന്ധപ്പെട്ട് പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. പരാതിക്കാരനില്ലാത്ത പരാതി പോലീസിനെന്തിനാണെന്ന് ചോദിച്ച കോടതി പരാതിക്കാരന്റെ ആദ്യ മൊഴിയില്‍ ഇല്ലാതിരുന്ന വകുപ്പുകള്‍ പോലീസ് പിന്നീട് കൂട്ടിച്ചേര്‍ത്തതായാണ് കാണുന്നതെന്നും നിരീക്ഷിച്ചു.

കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോളാണ് കോടതി പോലീസിനെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ചത്. കേസ് പരിഗണിക്കാനെടുത്തപ്പോള്‍ അറസ്റ്റ് നിയമപരല്ലെന്നും പോലീസിന് നല്‍കിയ പരാതിയിലും പരാതിക്കാരന്റെ രഹസ്യമൊഴിയിലുമില്ലാത്ത വകുപ്പുകള്‍ പീന്നീട് കൂട്ടിച്ചേര്‍ത്തതായും പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്നായിരുന്നു കോടതിയുടെ വിമര്‍ശം.

കേസില്‍ പുതിയ വകുപ്പുകള്‍ ചേര്‍ത്തത് ദുരുദ്ദേശ്യപരമാണ്. തെറ്റായ പ്രോസിക്യൂഷന്‍ നടപടികളാണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായതെങ്കില്‍ നടപടിയുണ്ടാകും. കോടതിയെ വിഡ്ഢിയാക്കുന്ന പോലീസുകാരെ എന്തു ചെയ്യണമെന്ന് കോടതിക്കറിയാം. അന്വേഷണ ഉദ്യോഗസ്ഥനും അന്വേണ സംഘത്തിലുമുള്ള ഉദ്യോഗസ്ഥര്‍ക്കുമെതിരെ  കോടതി എഴുതിയാല്‍ പിന്നെ ഒരു രാഷ്ട്രീയക്കാരനും രക്ഷിക്കാനാകില്ല.  പൊതുജനതാല്‍പര്യം നോക്കിയല്ല കേസ് അന്വേഷിക്കേണ്ടതെന്നും ലഭ്യമാകുന്ന തെളിവുകളുടേയും മൊഴികളുടേയും അടിസ്ഥാനത്തിലായിക്കണം അന്വേഷിക്കേണ്ടതെന്നും ജസ്റ്റിസ് എബ്രാഹം മാത്യു പറഞ്ഞു.

Read|നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് അറസ്റ്റിൽ

കൃഷ്ണദാസ് ഇന്ന് രാവിലെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. അതിനിടെയാണ് ഉച്ചയോടെ പോലീസ് കൃഷ്ണദാസിനേയും മറ്റ് നാലു പേരേയും കസ്റ്റഡിയിലെടുക്കുത്തത്.

കൃഷ്ണദാസിനെതിരെ വിദ്യാര്‍ഥി കൊടുത്ത പരാതിയില്‍ ഇല്ലാത്ത വകുപ്പുകള്‍ പോലീസ് ഇപ്പോള്‍ കൂട്ടിച്ചേര്‍ത്തിരിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് പുതിയതായി കൂട്ടിച്ചേര്‍ത്തത്. തെറ്റായ നടപടിക്രമങ്ങളാണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നതെങ്കില്‍ അതിന് ശ്രമിച്ച ഉദ്യോഗസ്ഥന്‍ സര്‍വീസിലുണ്ടായിരിക്കില്ലെന്നും അത് ഈ കേസില്‍ മാത്രമല്ല സമാനമായ എല്ലാ കേസിലും ബാധകമായിരിക്കുമെന്നും കോടതി പറഞ്ഞു.

കേസില്‍ വേണ്ടത് പോലെ പ്രവര്‍ത്തിക്കണമെന്നും പോലീസിന് ഉപദേശം നല്‍കണമെന്നും സര്‍ക്കാര്‍ അഭിഭാഷകനോട് ആവശ്യപ്പെട്ട കോടതി  അല്ലങ്കില്‍ കാര്യങ്ങള്‍ കുഴപ്പത്തിലാകുമെന്നും മുന്നറിയിപ്പ് നല്‍കി. കേസ് ഡയറിയടക്കം നാളെ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഹര്‍ജി നാളെ രാവിലെ വീണ്ടും പരിഗണിക്കും.