കോട്ടയം: അന്വേഷണ ഉദ്യോഗസ്ഥരെ വിമര്‍ശിച്ചും പരിഹസിച്ചും പി.സി. ജോര്‍ജ് വീണ്ടും രംഗത്ത്. പ്രമുഖ പാര്‍ട്ടി നേതാവും മകനും ദിലീപിന്റെ മുന്‍ഭാര്യയായ നടിയും എഡിജിപി ബി. സന്ധ്യയും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഫലമാണ് ദിലീപിനെ കുടുക്കിയതിന്റെ പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. എക്സിബിറ്റേഴ്സ് സംഘടനയുടെ നേതാവാകാന്‍ നടക്കുന്ന ഓരാളുടെ പിന്തുണ ഇവര്‍ക്കുണ്ടെന്നും പി.സി പറഞ്ഞു. 

നടി ആക്രമിക്കപ്പെട്ട കേസന്വേഷിക്കുന്ന അന്വേഷണ സംഘം മുഴിവന്‍ കളിപ്പീരാണ്. കൂറെ വട്ടിളകിയ ആളുകളാണ് കേസ് അന്വേഷിക്കുന്നത്. എറ്റവും മാന്യമായ പോലീസ് സേനയുള്ള കേരളത്തില്‍ ഒരുകൂട്ടം വട്ടിളകിയ പോലീസ് ഉദ്യോഗസ്ഥര്‍ ഇറങ്ങി തിരിച്ചിട്ടുണ്ട്. പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. 

സിനിമയില്‍ ദിലീപിനുണ്ടായ വളര്‍ച്ച പലരെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. സാമ്പത്തികമായി ഒന്നുമില്ലാതിരുന്ന വ്യക്തിയായിരുന്നു ദിലീപ്. എന്നാല്‍, കഠിനാധ്വാനം കൊണ്ട് വളര്‍ന്നു വരികയും മലയാള സിനിമാ ലോകം തന്നെ പിടിച്ചടക്കുകയും ചെയ്ത വ്യക്തിയാണ് ദിലീപ്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ക്കു പോലും പിടിച്ചാല്‍ കിട്ടാത്ത ഉയരത്തില്‍ ദിലീപ് എത്തിയിട്ടുണ്ടെന്നും പി.സി. ജോര്‍ജ് പറഞ്ഞു.  

എന്നാല്‍, നിരവധി ജീവകാരണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വ്യക്തിയാണ് ദിലീപ്. 80ഓളം വീടുകളാണ് ദിലീപ് പാവങ്ങള്‍ക്കു വെച്ച് നല്‍കിയിട്ടുള്ളത്. എട്ട് ലക്ഷം രൂപയില്‍ അധികം ചിലവ് വരുന്ന വീടുകളാണ് ഇവയെല്ലാം. എന്നാല്‍, ഇതൊന്നും ആരും പുറത്ത് പറയുന്നില്ലെന്നും പി.സി. അഭിപ്രായപ്പെട്ടു. 

ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ ബന്ധമുണ്ടെന്ന് പറയാന്‍ പോലീസ് നാദിര്‍ഷായെ നിര്‍ബന്ധിക്കുകയാണ്. എന്നാല്‍, അത് നടക്കാതെ വന്നതിനെ തുടര്‍ന്ന് ഇപ്പോള്‍ പോലീസ് നാദിര്‍ഷയെയും ഭീഷണിപെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. 

കോടതി ദിലീപിന് ജാമ്യം അനുവദിക്കണം. അല്ലെങ്കില്‍ ജാമ്യം നിഷേധിക്കുന്നതിനുള്ള കാരണം വെളിപ്പെടുത്തണമെന്നും പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു. ഈ കേസിന്റെ സത്യം തെളിയണമെങ്കില്‍ ദിലീപ് പുറത്തുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ദിലീപ് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ആലുവയിലെ വിജയത്തിന് ദിലീപ് വ്യക്തമായ പങ്ക് വഹിച്ചിട്ടുണ്ട്. ഇത് സിപിഎമ്മിന് വിരോധമുണ്ടാക്കിയിട്ടുണ്ടെന്നും പി.സി. ജോര്‍ജ് അഭിപ്രായപ്പെട്ടു.