Bishop Joseph Kallaragatt
പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ പരാതി നല്‍കിയിരുന്നതായി പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് അന്വേഷണ സംഘത്തിന് മൊഴി നല്‍കി. എന്നാല്‍, പരാതി വാക്കാല്‍ മാത്രമാണ് അറിയിച്ചതെന്നും എഴുതി നല്‍കിയിരുന്നില്ലെന്നും ബിഷപ്പ് അറിയിച്ചു.

ബിഷപ്പില്‍നിന്ന് ചില ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി കന്യാസ്ത്രീ പറഞ്ഞു. ഇക്കാര്യം കര്‍ദിനാളിനെ അറിയിക്കാന്‍ നിര്‍ദ്ദേശിച്ചുവെന്നാണ് പാലാ ബിഷപ്പ് മൊഴി നല്‍കിയിട്ടുള്ളത്. പാലായിലെ ബിഷപ്പ്‌സ് ഹൗസിലെത്തിയതാണ് വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തത്. 

ജലന്ധര്‍ ബിഷപ്പിന്റെ പീഡനം സംബന്ധിച്ച പരാതി കുറവിലങ്ങാട് വികാരിക്കാണ് കന്യാസ്ത്രീ ആദ്യം നല്‍കിയത്. വികാരിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പാല ബിഷപ്പിനോട് പരാതിപെട്ടത്. എന്നാല്‍, ഈ വിവരം തന്നോടല്ല പറയേണ്ടതെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അറിയിക്കണമെന്നും നിര്‍ദേശിക്കുകയായിരുന്നുവെന്നും ബിഷപ്പ് അറിയിച്ചു. 

പീഡനം വിവരം സംബന്ധിച്ച് കന്യാസ്ത്രീ സഭാ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നില്ലെന്ന കര്‍ദിനാളിന്റെ വാദം തള്ളുന്ന മൊഴിയാണ് ഇപ്പോള്‍ പാലാ ബിഷപ്പ് നല്‍കിയിരിക്കുന്നത്.