തിരുവനന്തപുരം: നിലമ്പൂരില്‍ മാധ്യമപ്രവര്‍ത്തകയെ ഒരു സംഘം തടഞ്ഞുവയ്ക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ പ്രത്യേകം അന്വേഷണം നടത്തുമെന്ന് സംസ്ഥാന വനിതാകമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.സി റോസക്കുട്ടി. പോലീസിന്റെ അനാസ്ഥയെക്കുറിച്ച് വീണ്ടും പരാതിയുയര്‍ന്ന സാഹചര്യത്തിലാണിത്. കേസ് കൈകാര്യം ചെയ്യുന്നതില്‍ പോലീസിന് പിഴവ് പറ്റി. അന്വേഷണത്തെക്കുറിച്ച് ഗൗരവത്തോടെ മനസിലാക്കി അക്രമികള്‍ രക്ഷപ്പെടാനുള്ള സാഹചര്യം ഒഴിവാക്കുമെന്നും അവര്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് മാധ്യപ്രവര്‍ത്തക തന്നെ 'മാതൃഭൂമി' പത്രത്തിലെഴുതിയ അനുഭവക്കുറിപ്പ് അന്നേദിവസം തന്നെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചതായി പോലീസ് അധികൃതര്‍ അറിയിച്ചതിനാലാണ് വനിതാകമ്മീഷന്‍ സംഭവം അന്വേഷിക്കാതിരുന്നത്. സഹോദരനോടൊപ്പം പോലും യാത്ര ചെയ്യാനാകാത്ത അവസ്ഥ ദൗര്‍ഭാഗ്യകരമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പോലീസ് കൂടുതല്‍ ജാഗ്രത കാട്ടേണ്ടതുണ്ട്. പ്രതികളെ നിയമത്തിന് മുന്നിലെത്തിച്ച് തക്കതായ ശിക്ഷ വാങ്ങിനല്‍കുമെന്നും കെ.സി റോസക്കുട്ടി പ്രതികരിച്ചു.