കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് അനുകൂലമായി പ്രമുഖരടക്കം സ്വീകരിച്ച നിലപാടുകളെ വിമര്‍ശിച്ച് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. മുന്‍കാല കേസുകളില്‍ കണ്ട ജനരോഷമേ ദിലീപിന്റെ കാര്യത്തിലും ഉണ്ടായിട്ടുള്ളൂ എന്ന് മാധവന്‍ തന്റെ ട്വീറ്റില്‍ പറയുന്നു.

ഐസ്‌ക്രീം, സോളാര്‍ തുടങ്ങി വമ്പന്മാര്‍ സംശയിക്കപ്പെട്ട കേസുകളില്‍ കണ്ട ജനരോഷവും പരദു:ഖഹര്‍ഷവും മാത്രമേ ദിലീപിന്റെ കാര്യത്തിലും ഉണ്ടായിട്ടുള്ളൂ എന്ന് എന്‍ എസ് മാധവന്‍ പറയുന്നു. അസ്വാഭാവികമായിട്ടുള്ളത് കഴിഞ്ഞ 2 ദിവസമായി ശിക്ഷിക്കുന്നത് വരെ ദിലീപ് കുറ്റക്കാരനല്ല എന്ന സോഷ്യല്‍ മീഡിയയിലും പുറത്തും നടക്കുന്ന ശക്തമായ പ്രചരണമാണ്. ആര്‍ക്കാണിത് അറിയാത്തത്? ഇപ്പോള്‍ ഈ ന്യായബോധം ഉണരുന്നത് പ്രതിയെ സഹായിക്കാനും ഹീനകൃത്യം മറപ്പിക്കുവാനുമുള്ള ശ്രമത്തിന്റെ ഭാഗമാക്കുകയേയുള്ളൂ- മാധവന്‍ തന്റെ ട്വിറ്ററില്‍ കുറിക്കുന്നു.

സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും എഴുത്തുകാരന്‍ സക്കറിയയും ദിലീപിനെതിരായുള്ള പ്രചരണങ്ങളെ വിമര്‍ശിച്ച് നടത്തിയ പ്രതികരണങ്ങളെയും എന്‍എസ് മാധവന്‍ ട്വിറ്ററില്‍ പരിഹസിക്കുന്നുണ്ട്. 'ദൈവം അകറ്റിയവരെ ദിലീപ് യോജിപ്പിച്ചു' എന്ന പത്രപ്രവര്‍ത്തകന്‍ എന്‍. മാധവന്‍കുട്ടിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തിട്ടുമുണ്ട്, അദ്ദേഹം. 

നടിയെ ആക്രമിച്ച സംഭവത്തില്‍ കുറ്റാരോപിതനായ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അടക്കം ദിലീപിന് അനുകൂലമായി വലിയ പ്രചാരണം നടന്നിരുന്നു. പോലീസ് നടപടിയെയും, വിഷയത്തില്‍ മാധ്യമങ്ങള്‍ സ്വീകരിച്ചിട്ടുള്ള നിലപാടുകളെയും വിമര്‍ശിച്ചും ദിലീപിനെ പിന്തുണച്ചും നിരവധി പ്രമുഖരടക്കം രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് എന്‍. എസ്. മാധവന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.