തിരുവനന്തപുരം: മുന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് സ്വഭാവിക നടപടിയെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. ഇതേ കുറിച്ച് കൂടുതല്‍ ചര്‍ച്ച ആവശ്യമില്ലെന്നും മുഖ്യമന്ത്രിയുടെ വിമര്‍ശങ്ങള്‍ക്ക് മറുപടി പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ കുറിച്ച് ഒന്നും ഞാന്‍ പറയുന്നില്ല. അങ്ങനെ പറയുന്നത് ശരിയുമല്ല. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കുന്ന നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുക തന്നെ ചെയ്യും- ഇ.ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

ഇടുക്കിയിലെ പട്ടയപ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വൈകീട്ട് മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തെ കുറിച്ച് ഞാന്‍ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ഇടുക്കി ജില്ലാ കളക്ടറും ദേവികുളം സബ്കളക്ടറും പങ്കെടുക്കുന്നുണ്ട്.

പാപ്പാത്തിച്ചോലയിലെ കുരിശുതകര്‍ത്ത് കൈയേറ്റം ഒഴിപ്പിച്ചതിലെ അതൃപതി കഴിഞ്ഞ ദിവസം തന്നെ മുഖ്യമന്ത്രി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഇന്ന്‌ സി.പി.എം.-സി.പി.ഐ. ഉഭയകക്ഷി ചര്‍ച്ച നടക്കാനിരിക്കെയാണ് മൂന്നാര്‍ കൈയേറ്റം വീണ്ടും ഇരുകക്ഷികള്‍ക്കുമിടയില്‍ അലോസരത്തിന് കാരണമാകുന്നത്. ഇന്ന്‌ ചേരുന്ന ഇടതുമുന്നണി യോഗത്തിലും മുഖ്യമന്ത്രിയുടെ നിലപാട് ചര്‍ച്ചാവിഷയമാകുമെന്നാണ് സൂചന.

മുഖ്യമന്ത്രിയുടെ വിമര്‍ശനത്തോട് പരസ്യമായി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെങ്കിലും റവന്യൂമന്ത്രിയുടെ ഓഫീസ് കൈയേറ്റം ഒഴിപ്പിക്കലില്‍ ജാഗ്രതക്കുറവുണ്ടായെന്ന വാദത്തെ തള്ളിക്കളയുകയാണ്. ഒഴിപ്പിക്കല്‍ നടപടികള്‍ മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന വാദം ശരിയല്ല. 45 അംഗ പോലീസ്സംഘത്തിന്റെ സംരക്ഷണത്തിലാണ് റവന്യൂ ഉദ്യോഗസ്ഥര്‍ ഒഴിപ്പിക്കല്‍ നടത്തിയത്. അതിരാവിലെത്തന്നെ ഒഴിപ്പിക്കല്‍ നടത്താനുള്ള മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. ഇതെല്ലാം ആഭ്യന്തരവകുപ്പിന്റെയും ഇന്റലിജന്റ്‌സിന്റെയും ചുമതലയുള്ള മുഖ്യമന്ത്രി അറിയാതിരിക്കില്ലെന്നും റവന്യൂമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നു.