ദേവികുളം: വനഭൂമി കൈയേറി അനധികൃതമായി പാപ്പാത്തിച്ചോലയില്‍ വീണ്ടും കുരിശ് സ്ഥാപിച്ചു. ജില്ലാഭരണകൂടം കൈയേറ്റമെന്ന് കണ്ടെത്തി പൊളിച്ചുകളഞ്ഞ കുരിശിന്റെ അതേസ്ഥാനത്താണ് വീണ്ടും കുരിശ് സ്ഥാപിച്ചത്.  മരംകൊണ്ടുള്ള കുരിശാണ് സ്ഥാപിച്ചത്. എന്നാല്‍ സംഭവവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് 'സ്പിരിറ്റ് ഇന്‍ ജീസസ്' സംഘടന വ്യക്തമാക്കി. 

സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി സിറോ മലബാര്‍ സഭ രംഗത്ത് വന്നിട്ടുണ്ട്. കൈയേറ്റ സ്ഥലത്ത് കുരിശ് സ്ഥാപിക്കരുതെന്നാണ് സഭയുടെ നിലപാടെന്നും സ്വര്‍ണക്കുരിശാണെങ്കിലും മരക്കുരിശാണെങ്കിലും അനധികൃതമായി സ്ഥാപിക്കുന്നത് ശരിയല്ലെന്നും സഭ വ്യക്തമാക്കി. 

കഴിഞ്ഞ ദിവസമാണ് പാപ്പാത്തി ചോലയിലെ കൈയേറ്റം ജില്ലാഭരണകൂടം പൊളിച്ചുമാറ്റിയത്. സംഭവത്തില്‍ മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തുകയും ജില്ലാഭരകൂടത്തിനെ ശാസിക്കുകയും ചെയ്തിരുന്നു. വിഷയം വിവാദമായി നിലനില്‍ക്കെയാണ് വീണ്ടും കുരിശ് സ്ഥാപിച്ചതായി കണ്ടെത്തിയത്.