തിരുവനന്തപുരം:  മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍ വിവാദമായ സാഹചര്യത്തില്‍ ഒഴിപ്പിക്കല്‍ തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ എല്‍.ഡി.എഫില്‍ ധാരണ. എകെജി സെന്ററില്‍ നടന്ന എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനം. യോഗത്തിന്റെ പ്രധാന അജണ്ടയായിരുന്നു കൈയേറ്റമൊഴിപ്പിക്കല്‍. വിഷയത്തില്‍ സിപിഐ- സിപിഎം വാക്കുതര്‍ക്കം ഉണ്ടായെങ്കിലും കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട മുന്‍ നിലപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറച്ചുനിന്നു.

സര്‍ക്കാരിനെ അറിയിക്കാതെ കുരിശ് പൊളിച്ചുമാറ്റിയ രീതി ശരിയല്ലെന്നും എന്തെങ്കിലും പ്രശ്‌നമുണ്ടായിരുന്നുവെങ്കില്‍ ആരു സമാധാനം പറയുമായിരുന്നു എന്നും മുഖ്യമന്ത്രി യോഗത്തില്‍ ചോദിച്ചതായാണ് റിപ്പോര്‍ട്ട്‌.

കൈയേറ്റം ഒഴിപ്പിക്കലിന് വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ തല്‍ക്കാലം നിര്‍ത്തിവെക്കാനും സര്‍വകക്ഷി യോഗം വിളിച്ചതിന് ശേഷം തീരുമാനങ്ങള്‍ എടുക്കാമെന്നുമാണ് എല്‍ഡിഎഫ് യോഗത്തില്‍ ധാരണയായത്. 

മൂന്നാര്‍ പ്രശ്‌നം വഷളാക്കരുതെന്ന് യോഗത്തില്‍ വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. എന്നാല്‍ നടപടിക്രമങ്ങളെല്ലാം പാലിച്ചതിന് ശേഷമാണ് കൈയേറ്റമൊഴിപ്പിച്ചതെന്നാണ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ സ്വീകരിച്ച നിലപാട്. എന്നാല്‍ കുരിശ് നീക്കിയതില്‍ ജാഗ്രതക്കുറവുണ്ടായെന്ന നിലപാടില്‍ മുഖ്യമന്ത്രി ഉറച്ചുനിന്നു. ഇരുപക്ഷവും നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് സര്‍വകക്ഷിയോഗം വിളിക്കാമെന്ന ധാരണയുണ്ടായത്‌.