കണ്ണൂര്‍: കൊച്ചി മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നിര്‍വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. മെട്രോയുടെ ഉദ്ഘാടനതീയതി സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെട്രോ ഉദ്ഘാടനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രിയെയാണ് ക്ഷണിച്ചത്. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ തിരക്കിട്ട പരിപാടികള്‍ക്കിടയില്‍ മെട്രോ ഉദ്ഘാടനത്തിനായി സമയം മാറ്റി വയ്ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി പ്രധാനമന്ത്രിയുടെ ഓഫീസുമായി സര്‍ക്കാര്‍ നിരന്തരബന്ധം പുലര്‍ത്തുന്നുണ്ട്. മെയ് മുപ്പതിന് കൊച്ചി മെട്രോയുടെ ഉദ്ഘാടനം നടക്കുമെന്നുള്ളത് തെറ്റായ വാര്‍ത്തയാണ് - മുഖ്യമന്ത്രി പറഞ്ഞു.

മെട്രോ ഉദ്ഘാടനം 30 ന് ഇല്ല: പ്രധാനമന്ത്രിക്കായി കാത്തിരിക്കും......

പ്രധാനമന്ത്രി ഉദ്ഘാടനത്തിന് എത്തില്ല എന്ന് പറഞ്ഞാല്‍ മാത്രമേ മറ്റൊരു സാധ്യതയെക്കുറിച്ച് ചിന്തിക്കേണ്ടതുള്ളൂവെന്നും അതുവരെ അദ്ദേഹത്തിന് സൗകര്യപ്രദമായ തീയതിക്കായി സര്‍ക്കാര്‍ കാത്തിരിക്കുമെന്നും മെട്രോ ഉദ്ഘാടനം സംബന്ധിച്ച വിവാദങ്ങള്‍ അവസാനിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി. 

മെയ് മുപ്പതിന് കൊച്ചി മെട്രോയുടെ ഉദ്ഘാടനം നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചതെന്നും ഉദ്ഘാടനത്തിന് വേണ്ടി പ്രധാനമന്ത്രിക്കായി അനന്തമായി കാത്തിരിക്കാനാവില്ലെന്നും നേരത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇത് വിവാദമായതോടെ മന്ത്രിയെ തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്ത് വന്നിരുന്നു.