മേട്ടുപ്പാളയം: രാത്രി മുഴുവന്‍ ചതുപ്പില്‍ പുതഞ്ഞുകിടന്ന പിടിയാനയെ മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തി. നന്മവറ്റാത്ത ജനങ്ങളോടപ്പം തൊടുപുഴക്കാരനായ ഡി.എഫ്.ഒയും ഡോക്ടരുമാണ് ആനയ്ക്ക്‌ രക്ഷകരായത്. വ്യാഴാഴ്ച രാത്രിയോടെ ഭവാനിസാഗര്‍ അണക്കെട്ടിന്റെ റിസര്‍വോയറില്‍ വെള്ളം തേടിയെത്തിയ 15 വയസ്സുള്ള പിടിയാനയാണ് ചതുപ്പില്‍ കുടുങ്ങിയത്.

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കൃഷിയിറക്കിയ കര്‍ഷകര്‍ ആനയുടെ ദീനരോദനം കേട്ട് രാത്രിതന്നെ ഭവാനിസാഗര്‍ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് രാത്രിതന്നെ രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട ഏര്‍പാടുകളെല്ലാം സത്യമംഗലം കടുവാ സംരക്ഷണകേന്ദ്രം ഡി.എഫ്.ഒയും സത്യമംഗലം ഡിവിഷന്റെ ഡെപ്യൂട്ടി ഡയരക്ടറുമായ പിജി.അരുണ്‍ലാല്‍, റേഞ്ചര്‍ ബെര്‍ണാഡ് എന്നിവര്‍ ചെയ്തിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ ഡി.എഫ്.ഒ ഉള്‍പ്പെടുന്ന വനപാലക സംഘം, മൃഗസംരക്ഷണകേന്ദ്രം മൃഗഡോക്ടര്‍ കെ.അശോകന്‍, അഗ്‌നിശമനസേന അധികൃതരെല്ലാം റിസര്‍വോയറിലെ വെള്ളത്തിലൂടെ നടന്നാണ് ആനയ്ക്ക് അരികിലെത്തിയത്. യന്ത്ര സഹായമില്ലാതെ മനുഷ്യരുടെ മാത്രം പ്രയത്‌നംകൊണ്ടാണ്‌ ആനയെ കരയ്ക്ക് കയറ്റിയത്. വെള്ളത്തിലൂടെ ജെ.സി.ബി കൊണ്ടുവരാന്‍ നോക്കിയപ്പോള്‍ മണലില്‍ താഴാന്‍ തുടങ്ങിയിരുന്നു. 

ചെളിയില്‍ പുതഞ്ഞ് അനങ്ങാന്‍ പോലും പറ്റാതെ കിടന്നിരുന്ന ആനയ്ക്ക് പഴങ്ങള്‍ നല്‍കി സമാധാനിപ്പിച്ചായിരുന്നു ചികിത്സയ്ക്ക് തുടക്കം. ഇതിനിടെ അവശയായ ആനയ്ക്ക് പഴങ്ങളില്‍ കൂടി ഡോക്ടര്‍  ആന്റിബയോട്ടിക്കുകള്‍ നല്‍കി.  കയറുകെട്ടി വലിക്കാന്‍ നോക്കിയെങ്കിലും മുറിവ് പറ്റുമെന്ന ഭയം കാരണം, അഗ്‌നിശമനസേനയുടെ വെള്ളം ചീറ്റുന്ന ബെല്‍റ്റാണ്‌ ഒടുവില്‍ രക്ഷയായത്. ആനയ്ക്ക് കുറുകെ ബെല്‍റ്റ് ധരിപ്പിച്ച് ഇരുന്നൂറോളം വരുന്ന ജനകൂട്ടത്തിന്റെ സഹായത്തോടെ കരയ്ക്ക് അടുപ്പിക്കുകയായിരുന്നു. തുടര്‍ച്ചയായി വെള്ളത്തില്‍ തന്നെ കിടന്നിരുന്നത്‌കൊണ്ട് ഗ്ലുക്കോസ് നല്‍കാന്‍ പറ്റിയില്ല.

ഡി.എഫ്.ഒ അടക്കമുള്ള ഉദ്യോഗസ്ഥരും ജനകൂട്ടവും കൈമെയ് മറന്ന് സഹകരിച്ചതോടെ ഒടുവില്‍ ആനയ്ക്ക് എഴുന്നേല്‍ക്കാനായി. കരിമ്പും, ചോളതട്ടുകളും, പഴങ്ങളും ആനയ്ക്ക് മുമ്പില്‍ എത്തിച്ചിരുന്നു. നടക്കാന്‍ പറ്റിയില്ലെങ്കിലും ഭക്ഷണമെല്ലാം അകത്താക്കിയ പിടിയാന, കുറച്ച് നേരത്തെ വിശ്രമത്തിന് ശേഷം വെള്ളത്തിലൂടെ കാട് ലക്ഷ്യമാക്കി നടന്നകന്നു. മണിക്കൂറുകള്‍ നീണ്ട പ്രയത്‌നം സഫലമായത്തോടെ എല്ലാവരും ആഹ്ലാദാരവങ്ങളോടെയാണ്‌ ആനയെ യാത്രയാക്കിയത്.