കൊച്ചി: നഗര ഹൃദയത്തിലേക്ക് മെട്രോ എത്തുന്നതിന് മുന്നോടിയായി കൊച്ചിയില്‍ 'മെട്രോ ഗ്രീന്‍ റണ്‍' നടന്നു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും സോള്‍സ് ഓഫ് കൊച്ചിനും ചേര്‍ന്നാണ് ഗ്രീന്‍ റണ്‍ എന്നപേരില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചത്. മേയര്‍ സൗമിനി ജെയിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍നിന്ന് ആരംഭിച്ച ഗ്രീന്‍ റണ്‍ മെട്രോ റൂട്ടിലൂടെ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം വഴി തിരിച്ച് ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടില്‍ സമാപിച്ചു. 10 കിലോമീറ്ററായിരുന്നു ദൈര്‍ഘ്യം.

200 ലേറെപ്പേര്‍ മെട്രോ ഗ്രീന്‍ റണ്ണില്‍ പങ്കെടുത്തു. പ്രകൃതിക്ക് ദോഷം ചെയ്യാത്ത ഗതാഗത മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന പ്രഖ്യാപനത്തോടെയാണ് ഗ്രീന്‍ റണ്‍ സംഘടിപ്പിച്ചത്. ഇതേ ലക്ഷ്യത്തിലൂന്നി കെ.എം.ആര്‍.എല്ലും സോള്‍സ് ഓഫ് കൊച്ചിനും ചേര്‍ന്ന് വിഭാവനം ചെയ്ത ആദ്യ സംരംഭമാണിത്.

ഈ ഓട്ടത്തില്‍ പൂര്‍ണമായോ ഭാഗികമായോ പങ്കെടുക്കാന്‍ അനുവാദം നല്‍കിയിരുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് മഹാരാജാസിനും ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിനും ഇടയിലുള്ള ഏതു സ്റ്റേഷനില്‍ നിന്നും ഓട്ടത്തില്‍ ചേരാന്‍ അനുമതി നല്‍കിയിരുന്നു.

 

Run2
നഗരഹൃദയത്തിലേക്ക് മെട്രോ എത്തുന്നതിന് മുന്നോടിയായി സംഘടിപ്പിച്ച മെട്രോ ഗ്രീന്‍ റണ്‍. ഫോട്ടോ - ടി.കെ പ്രദീപ്കുമാര്‍