തിരുവനന്തപുരം:  എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയത്തെ ചൊല്ലി യുഡിഎഫില്‍ അഭിപ്രായ ഭിന്നത. എല്‍ഡിഎഫ് നയത്തിനെതിരെ യുഡിഎഫ് സമരത്തിന് ആലോചിക്കുമ്പോള്‍ വേറിട്ട സ്വരവുമായി ആര്‍എസ്പി നേതാവ്‌ ഷിബു ബേബി ജോണ്‍ രംഗത്തുവന്നു.

ഇന്ന് വൈകിട്ട് മദ്യനയത്തില്‍ പ്രതിഷേധപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ യുഡിഫ് തീരുമാനിച്ചിരിക്കെയാണ് മദ്യനയത്തിനെ സ്വാഗതം ചെയ്ത് മുന്‍മന്ത്രികൂടിയായ ഷിബുബേബി ജോണ്‍ രംഗത്ത് വന്നത്.

തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മദ്യനയത്തിന് അനുകൂലമായി പ്രതികരിച്ചിരിക്കുന്നത്. മദ്യനയം സ്വാഗതാര്‍ഹമാണ്. കഴിഞ്ഞ സര്‍ക്കാരിന് ഭരണ തുടര്‍ച്ച ഇല്ലാതാക്കിയത് പഴയ മദ്യനയമായിരുന്നു. യുഡിഎഫ് മദ്യനയം പരാജയമായിരുന്നുവെന്നും വൈകാരികവും അപക്വവുമായ നയമായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റേതെന്നും ഷിബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പറയുന്നു. മുന്‍ സര്‍ക്കാരിന്റെ മദ്യനയം രൂപീകരിച്ച മന്ത്രിസഭയില്‍ അംഗമായിരുന്നയാളാണ് ഷിബുബേബി ജോണ്‍ എന്നത് അഭിപ്രായത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു.

എന്നാല്‍ ഷിബുബേബി ജോണ്‍ മദ്യനയത്തെ സ്വാഗതം ചെയ്തതിന് പിന്നാലെ അഭിപ്രായം തള്ളിക്കളഞ്ഞ് പാര്‍ട്ടി നേതൃത്വം രംഗത്ത് വന്നു. ഷിബുവിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും ആര്‍എസ്പി പിന്നീട്  വ്യക്തമാക്കി. യുഡിഎഫിന്റെ പൊതു നിലപാടിനൊപ്പമാണ് പാര്‍ട്ടിയെന്നും ആര്‍എസ്പി വ്യക്തമാക്കി. മദ്യനയം ചര്‍ച്ചചെയ്യാന്‍ യുഡിഎഫ് ഇന്ന് വൈകിട്ട് മൂന്നുമണിക്ക് യോഗം ചേരുന്നുണ്ട്. എന്നാല്‍ ഈ യോഗത്തില്‍ ഷിബുബോബി ജോണ്‍ പങ്കെടുക്കില്ലെന്നാണ് വിവരം.