തൃശൂര്‍: നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന്റെ അറസ്റ്റ്, ജിഷ്ണു പ്രണോയ്യുടെ സമാനമായ കേസിലാണെന്ന് തൃശൂര്‍ റൂറല്‍ എസ്.പി. എന്‍. വിജയകുമാര്‍. പരാതി നല്‍കിയ ഷഹീറിനെ കൃഷ്ണദാസും കൂട്ടരും മര്‍ദിച്ചുവെന്നും റാഗിങ് കേസില്‍ പോലീസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും എസ്.പി. മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസില്‍ കൃഷ്ണദാസിന് പുറമെ നെഹ്‌റു ഗ്രൂപ്പ് ലീഗല്‍ അഡൈ്വസര്‍ സുചിത്ര, പി.ആര്‍.ഒ. വത്സലകുമാര്‍, കോളേജിലെ അധ്യാപകനായ സുകുമാരന്‍ എന്നിവരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയില്‍ എടുത്തവരെ എരുമപ്പെട്ടി പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്. കൃഷ്ണദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

റാഗിങ് ചെയ്തുവെന്ന് എഴുതിമേടിക്കാന്‍ ലീഗല്‍ അഡൈ്വസര്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് എസ്.പി. പറഞ്ഞു. എന്നാല്‍ ഷഹീര്‍ വിസ്സമതിച്ചതോടെ മര്‍ദിച്ചു. നെറ്റിക്ക് ഇടിക്കുകയും നാഭിക്ക് ചവിട്ടുകയുമായിരുന്നു. കാലുകൊണ്ട് തലയ്ക്കും ചവിട്ടി. തുടര്‍ന്ന് കൃഷ്ണദാസിന്റെ മുറിയില്‍ നിന്ന് ഷഹീറിനെ 'ഇടിമുറി' എന്നുപറയുന്ന മുറിയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് വീണ്ടും ഉപദ്രവിക്കുകയും റാഗിങ് ചെയ്തുവെന്ന് എഴുതി മേടിക്കുകയുമായിരുന്നുവെന്ന് എസ്.പി. വിശദീകരിച്ചു.