കൊട്ടാരക്കര: ഏഴാംക്ലാസ് വിദ്യാര്‍ഥിയെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തന്റെ മുറിയിലിട്ട്‌ ക്രൂരമായി മര്‍ദിച്ചതായി പരാതി. കൊട്ടാരക്കര കലയപുരം മാര്‍ ഇവാനിയോസ് സ്‌കൂളിലാണ് സംഭവം.

കൊട്ടാരക്കര സ്വദേശി ആബേലിനെയാണ് പ്രത്യേക കാരണമൊന്നുമില്ലാതെ പ്രിന്‍സിപ്പല്‍ ക്രൂരമായി മര്‍ദിച്ചത്. അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ആബേല്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. 

ഇന്ന് ഉച്ചയോടെ  സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോഴാണ് ആബേലിന്റെ ശരീരത്തില്‍ അടിയേറ്റ് മുറിഞ്ഞ പാട് രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

എന്തിനാണ് തന്നെ മര്‍ദിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ കാരണമൊന്നും ചോദിക്കേണ്ട എല്ലാം താന്‍ കാമറയില്‍ കാണുന്നുണ്ടെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ മറുപടി. ആബേലിന്റെ ഇടിപ്പിന്റെ ഭാഗത്തും കാലിനുമാണ് അടിയേറ്റ് പരിക്കേറ്റത്. 

ഇതുമായി ബന്ധപ്പെട്ട് പ്രതികരണങ്ങളൊന്നും നടത്താന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലോ അധികൃതരോ തയ്യാറായിട്ടില്ല. സംഭവം ചൈല്‍ഡ് ലൈന്‍ അധികൃതരും പോലീസും അന്വേഷിച്ച് വരികയാണ്.  

ആബേലിനൊപ്പം മറ്റ് രണ്ടു കുട്ടികള്‍ക്കും മര്‍ദനമേറ്റിരുന്നെങ്കിലും ഇവരുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തില്‍ പ്രതിഷേധിച്ച് സ്‌കൂളിലേക്ക് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ മാര്‍ച്ച് നടത്തുകയാണ്.