തിരുവനന്തപുരം: കൊലക്കത്തി ഒളിപ്പിച്ച്, കൊലയാളികള്‍ തന്നെ അക്രമവിരുദ്ധ പ്രസംഗം നടത്തുന്ന കാപട്യമാണ് കോയമ്പത്തൂരിലെ ആര്‍.എസ്.എസ്. വേദിയില്‍ കണ്ടതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കാവിപ്പടയുടെ പരീക്ഷണശാലയായി കേരളം മാറാത്തതിലുള്ള അരിശമാണ് സി.പി.എമ്മിന് എതിരായ പ്രമേയത്തിലൂടെ ആര്‍.എസ്.എസ് ദേശീയ പ്രതിനിധി സഭ പ്രകടിപ്പിച്ചിരിക്കുന്നതെന്നും പത്രക്കുറിപ്പിലൂടെ അദ്ദേഹം ആരോപിച്ചു.

സമാധാന പരിശ്രമങ്ങളെ തുരങ്കം വെയ്ക്കുന്ന നടപടികളില്‍ നിന്നും സംഘപരിവാര്‍ പിന്‍വാങ്ങണം. പാര്‍ട്ടി ഓഫീസുകളില്‍ കയറി ആക്രമണം നടത്തുക, സ്ത്രീകളെ മര്‍ദ്ദിക്കുക, ചുവന്ന വസ്ത്രം ധരിച്ച് അമ്പലത്തില്‍ പോയവരെപ്പോലും തല്ലുക, തുടങ്ങിയ അരാജകപൂര്‍ണ്ണമായ നടപടികള്‍ അവസാനിപ്പിക്കണം. കേരളത്തിലെ ആര്‍.എസ്.എസ് നേതൃത്വത്തോട് കൊലക്കത്തി താഴെവയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയാണ്, അക്രമവിരുദ്ധ പ്രമേയം പാസ്സാക്കുന്ന  ആര്‍.എസ്.എസ് കേന്ദ്രനേതൃത്വം ചെയ്യേണ്ടതെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു. 

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 9 മാസത്തിനുള്ളില്‍ തന്നെ 9 കൊലപാതകങ്ങള്‍ ആര്‍.എസ്.എസ് നടത്തി. സി.പി.എമ്മിന്റെ മാത്രം 209 പ്രവര്‍ത്തകരെയാണ് വിവിധ ദശകങ്ങള്‍ക്കുള്ളില്‍ ആര്‍.എസ്.എസ്സുകാര്‍ കശാപ്പ് ചെയ്തത്. കോണ്‍ഗ്രസിന്റേയും മുസ്ലീം ലീഗിന്റേയും എസ്.ഡി.പി.ഐയുടേയും, ജനതദാള്‍ യുവിന്റേയും പ്രവര്‍ത്തകരെ സംഘപരിവാര്‍ കശാപ്പ് ചെയ്തിട്ടുണ്ട്. അര്‍.എസ്.എസ്സിനെതിരെ ശബ്ദിക്കുന്ന ആരേയും ഇല്ലാതാക്കുന്ന കൊലയാളി സംഘമാണ് ആര്‍.എസ്.എസ്. ഇത് മറച്ചുവെച്ചാണ് കേരളത്തില്‍ സി.പി.ഐ (എം) അക്രമം അഴിച്ചുവിടുന്നുവെന്ന കല്ലുവെച്ച നുണ ആര്‍.എസ്.എസ്സിന്റെ ദേശീയ പ്രതിനിധി സഭ ഉന്നയിച്ചിരിക്കുന്നത്. 

തലശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകനായിരുന്ന യു.കെ. കുഞ്ഞിരാമനെ സംഘപരിവാറാണ് വകവരുത്തിയത്. മാറാട് കലാപം, തിരുവനന്തപുരത്തെ പൂന്തുറ കാലപം, പാലക്കാട് കലാപം തുടങ്ങിയ വര്‍ഗ്ഗീയ സംഭവങ്ങളിലെല്ലാം ആര്‍.എസ്.എസ്സിന് കുറ്റകരമായ പങ്കാണുള്ളത്. വര്‍ഗ്ഗീയ കലാപം സൃഷ്ടിച്ച് വളര്‍ന്നു പന്തലിക്കുകയെന്ന ആര്‍.എസ്.എസ് ലക്ഷ്യം കേരളത്തില്‍ യഥാര്‍ഥ്യമാകാത്തത് കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ധീരതയോടെ നിലകൊണ്ടതുകൊണ്ടാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു.