തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ കോളേജുകളില്‍ പരിശോധന നടത്താന്‍ പ്രത്യേക സമിതിയെ രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സാങ്കേതിക സര്‍വകലാശാലയ്ക്ക് കീഴിലെ അധികൃതരുടെ നേതൃത്വത്തിലാണ് പ്രത്യേക സമിതി രൂപീകരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. അന്വേഷണ സമിതിയംഗങ്ങള്‍ കോളേജുകള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ഥികളുടെ പരാതികള്‍ കേള്‍ക്കും. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കോളേജുകളുടെ അഫിലിയേഷന്‍ പുതുക്കലെന്നും യോഗത്തില്‍ ധാരണയായി. 

ഇതിന് പുറമെ വിദ്യാര്‍ഥികളുടെ പരാതി കേള്‍ക്കാന്‍ സംസ്ഥാനത്തെ സ്വാശ്രയ കോളേജുകളില്‍ ഓംബുഡ്‌സ്മാനെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്. ഇതിന് ജില്ലാ ജഡ്ജിയുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ ഓംബുഡ്‌സാമാനായി നിയമിക്കുമെന്നും സാങ്കേതിക സര്‍വകലാശാല അറിയിച്ചു. പാമ്പാടി എന്‍ജിനിയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവം വന്‍ വിവാദമായതോടെയാണ് തീരുമാനം.

വിഷ്ണു പ്രണോയിയുടെ മരണത്തിന് പുറമെ കോളേജ് അധികൃതര്‍ ഇവിടെയുള്ള വിദ്യാര്‍ഥികളെ വിവിധ തരത്തില്‍ ദ്രോഹിക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തയും വന്നിരുന്നു. കൂടാതെ സംസ്ഥാനത്തെ സ്വാശ്രയ കോളേജ് മാനേജ്മെന്റുകള്‍ക്കെതിരെ ഇതിന് മുമ്പും പല തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈയൊരു സാഹചര്യത്തിലാണ് വിദ്യാര്‍ഥികളുടെ പരാതി കേള്‍ക്കാന്‍ ഓംബുഡ്സ്മാനെ നിയമിക്കാന്‍ ധാരണയായത്. ഇതിന് പുറമെ സ്വാശ്രയകോളേജുകളിലെ നടത്തിപ്പ് സംബന്ധിച്ച് പരിശോധന നടത്താന്‍ പ്രത്യേക സമിതിയെ രൂപീകരീക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

സ്വാശ്രയ കോളേജുകള്‍ അടച്ചിടും

പാമ്പാടി സംഭവത്തിന്റെ പാശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്വാശ്രയ കോളേജുകള്‍ ഒരു ദിവസം അടച്ചിടാന്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ തീരുമാനിച്ചു. ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയെ തുടര്‍ന്ന് നടന്ന വിദ്യാര്‍ഥി സമരത്തില്‍ കോളേജ് അടിച്ച് തകര്‍ത്തിരുന്നു. ഇതിന് പുറമെ മാനേജ്മെന്റ് അസോസിയേഷന്റെ കൊച്ചിയിലുള്ള ഓഫീസും അടിച്ച് തകര്‍ത്തിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം.

സൂചനാ സമരമെന്ന നിലയില്‍ നാളെ സംസ്ഥാനത്തെ 120 സ്വാശ്രയ എന്‍ജിനിയറിംഗ് കോളേജുകളാണ് അടച്ചിടുന്നത്. പ്രശ്നത്തിന് പരിഹാരം കാണുന്നില്ലെങ്കില്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ മാധ്യമങ്ങളോട് പറഞ്ഞു.