തിരുവനന്തപുരം: പാവപ്പെട്ടവര്‍ക്ക് ചികിത്സാസഹായം നല്‍കുന്ന കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതി നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മറിച്ചു വരുന്ന ചില വാര്‍ത്തകള്‍ വാസ്തവമല്ലെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ചില വാര്‍ത്തകളില്‍ കാണുന്നതുപോലെ ഈ പദ്ധതിയെ സ്വാഭാവികമരണത്തിനു വിട്ടുകൊടുക്കേണ്ട സാഹചര്യവും ഇല്ല.

നടപ്പുവര്‍ഷം ഡിസംബര്‍ 31 വരെ 29,270 രോഗികള്‍ക്കായി 389 കോടി രൂപ കാരുണ്യ ധനസഹായം അനുവദിച്ചു. 2017 ഫെബ്രുവരി 9 ന് ധനവകുപ്പ് കാരുണ്യ ബെനവലന്റ് ഫണ്ടിലേക്ക് 100 കോടി രൂപകൂടി അനുവദിക്കുകയുണ്ടായി. ഇതടക്കം ബഡ്ജറ്റില്‍ വകയിരുത്തിയ 250 കോടിയും കൈമാറിയിട്ടുണ്ട്. ഇനി കൊടുക്കുവാനുള്ളത് 139 കോടി രൂപയാണ്. അതിനു മാര്‍ച്ച് 31 വരെ സമയമുണ്ട്. പക്ഷെ, അഞ്ചുവര്‍ഷക്കാലത്തെ യു.ഡി.എഫ് ഭരണത്തിന്‍കീഴില്‍ കാരുണ്യ ബെനവലന്റ് ഫണ്ടിലേക്ക് ആകെ നല്‍കിയത് 775 കോടി രൂപയാണ്.

ഒരു വര്‍ഷംപോലും ബഡ്ജറ്റില്‍ വകയിരുത്തിയതിനെക്കാള്‍ കൂടുതല്‍ പണം കാരുണ്യയ്ക്ക് അനുവദിച്ചിട്ടില്ല. അതുകൊണ്ട് യു.ഡി.എഫ് ഭരണം അവസാനിക്കുമ്പോള്‍ കാരുണ്യഫണ്ടിലേക്ക് 391 കോടിരൂപ കൊടുക്കാന്‍ ബാക്കിയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാരുണ്യ പദ്ധതിയെ മന്ത്രിയുടെയും സര്‍ക്കാരിന്റെയും ഔദാര്യം പോലെയാണ് മുന്‍സര്‍ക്കാര്‍ കണ്ടിരുന്നത്. എന്നാല്‍, ആ നില മാറ്റി അത് പൗരന്മാരുടെ അവകാശമാക്കി മാറ്റുകയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്തതെന്നും ധനമന്ത്രി പറഞ്ഞു