കണ്ണൂര്‍: തലശ്ശേരിക്കടുത്ത് അണ്ടല്ലൂരില്‍ കൊല്ലപ്പെട്ട പ്രവര്‍ത്തകന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കടന്നുപോയി. കളക്ടറുടെ നിര്‍ദ്ദേശപ്രകാരം വിലാപയാത്ര നടത്താമെന്ന് ബിജെപി നേതാക്കള്‍ സമ്മതിച്ചതോടെയാണ് സംഘര്‍ഷം ഒഴിവായത്. ഒരുതരത്തിലുമുള്ള പ്രകോപനവും സംഘര്‍ഷവും ഉണ്ടാക്കില്ലെന്ന് ബിജെപി നേതാക്കള്‍ ഉറപ്പുനല്‍കി. ധാരണ ആയതോടെ ബിജെപി നേതാക്കളോട് പിരിഞ്ഞുപോകാന്‍ നേതാക്കള്‍ നിര്‍ദ്ദേശം നല്‍കി. പ്രവര്‍ത്തകര്‍ റോഡ്‌ ഉപരോധം അവസാനിപ്പിച്ചു. തുടര്‍ന്ന് വിലാപയാത്ര കലോത്സവത്തിന്റെ പ്രധാനവേദിക്ക് മുന്നിലുള്ള റോഡിലൂടെ കടന്നുപോയി.

വിലാപയാത്രയായി കലോത്സവവേദിക്ക് മുന്നിലൂടെ കൊണ്ടുപോകുന്ന വിഷയത്തെ ചൊല്ലി സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം പ്രധാനവേദിക്ക് മുന്നിലൂടെ കൊണ്ടുപോകുമെന്ന നിലപാടില്‍ ബി.ജെ.പി ഉറച്ചുനിന്നതോടെയാണ് ഇത് സംഭവിച്ചത്.  ഇത് അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സും ഒപ്പം അഞ്ച് വാഹനങ്ങളും കടത്തിവിടാമെന്ന് മധ്യസ്ഥ ചര്‍ച്ചനടത്തുന്ന കളക് ടര്‍ മിര്‍ മുഹമ്മദ് അലി നിര്‍ദേശം മുന്നോട്ടുവച്ചതോടെ സംഘര്‍ഷം ഒഴിവാകാന്‍ വഴിതെളിയുകയായിരുന്നു.

മനുഷ്യാവകാശ കമ്മീഷന്‍ അയച്ച സമിതി അംഗവും ബി.ജെ.പി നേതാക്കളുമായി സംസാരിച്ചു. കലോത്സവത്തിന്റെ പ്രധാനവേദിക്ക് മുന്നിലൂടെ മൃതദേഹവുമായി എത്തുന്നത് പോലീസ് നേരത്തെ തടഞ്ഞിരുന്നു. ഇതിനായി എ.കെ.ജി ആശുപത്രിക്ക് മുന്നില്‍ ഗതാഗതം തടഞ്ഞ പോലീസ് തുടര്‍ന്ന് പോലീസ് മൈതാനം ചുറ്റി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തേക്ക് മൃതദേഹം എത്തിക്കാന്‍ വഴിയൊരുക്കുകയും അവിടെ പൊതുദര്‍ശനത്തിന് വെക്കുകയുമായിരുന്നു.

knr
പോലീസുദ്യോഗസ്ഥരുമായി  നേതാക്കള്‍ സംസാരിക്കുന്നു. ഫോട്ടോ: സി.സുനില്‍ കുമാര്‍

മൃതദേഹം ഇവിടേക്ക് എത്തിക്കുമ്പോള്‍ പോലീസ് അകമ്പടി സേവിച്ച് സുരക്ഷാമുന്‍കരുതലെടുത്തു. എന്നാല്‍ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹവുമായി വാഹനം കലോത്സവനഗരിക്ക് മുന്നിലൂടെ കടന്നുപോകാന്‍ അനുവദിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടതോടെയാണ് വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തത്‌.

പോലീസ് ഇതിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ കണ്ണൂര്‍ നഗരത്തില്‍ റോഡ് ഉപരോധിച്ചു. പോലീസിന്റെ ക്വിക്ക് റെസ്‌പോണ്‍സ് ടീം സംഭവസ്ഥലത്ത് എത്തി. അനുമതിയില്ലെങ്കിലും മൃതദേഹം റോഡിലൂടെ കൊണ്ടുപോകുമെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ അറിയിച്ചു. വിലാപയാത്ര തടയുമെന്ന് പോലീസും നേതാക്കളെ അറിയിച്ചു. സ്റ്റേഡിയം പരിസരത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു

knr
സന്തോഷിന്റെ മൃതദേഹം പഴയ ബസ് സ്റ്റാന്‍ഡിനു സമീപം പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റുമാര്‍ട്ടം ചെയ്ത ശേഷമാണ് മൃതദേഹം ഉച്ചയ്ക്ക് ശേഷം രണ്ടരയോടെ കണ്ണൂര്‍ നഗരത്തിലെത്തിച്ചത്. നേതാക്കള്‍ മൃതദേഹത്തെ അനുഗമിച്ച് ഇവിടേക്ക് എത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹത്തെ അണിനിരത്തിയിരുന്നു. ഇതിനായി യുവജനോത്സവ ചുമതലയിലുണ്ടായിരുന്ന പോലീസുകാരേയും വിന്യസിച്ചിരുന്നു

knr
മൃതദേഹം വഹിച്ചു കൊണ്ടുള്ള വാഹനം എ.കെ.ജി.ആസ്പത്രിക്ക് സമീപം എത്തിയപ്പോള്‍

മുല്ലപ്രം ക്ഷേത്രത്തിന് സമീപം ചോമന്റവിട എഴുത്തന്‍ സന്തോഷ് (52) ആണ് വെട്ടേറ്റ് മരിച്ചത്. ബുധനാഴ്ച രാത്രി പതിനൊന്നോടെ ഒരു സംഘം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.

കൊലപാകത്തില്‍ പ്രതിഷേധിച്ച് രാവിലെ കലോത്സവം നടക്കുന്ന കണ്ണൂര്‍ പോലീസ് ഗ്രൗണ്ടിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു.