kannur
സമാധാന യോഗത്തിനിടെ യുഡിഎഫ് പ്രതിനിധികളും പി ജയരാജനും
തമ്മില്‍ വാക്കേറ്റമുണ്ടായപ്പോള്‍-ഫോട്ടോ: ലതീഷ് പൂവ്വത്തൂര്‍

കണ്ണൂര്‍: യുഡിഎഫ് ജനപ്രതിനിധികളെ ക്ഷണിക്കാത്ത സമാധാന യോഗത്തില്‍ കെ കെ രാഗേഷ് എംപിയെ വേദിയില്‍ ഇരുത്തിയതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് കണ്ണൂരില്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗം ബഹിഷ്‌കരിച്ചു. സമാധാന യോഗം തുടങ്ങിയ ഘട്ടത്തില്‍ തന്നെ കെ കെ രാഗേഷിനെ വിളിക്കുകയും യുഡിഎഫ് എംഎല്‍എമാരെ പങ്കെടുപ്പിക്കാതിരിക്കുന്നതിനെയും ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി ചോദ്യം ചെയ്തു. തുടര്‍ന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും പാച്ചേനിയും തമ്മില്‍ വാക്കേറ്റമുണ്ടായി.

മന്ത്രി നിയന്ത്രിക്കേണ്ട യോഗം പി ജയരാജന്‍ നിയന്ത്രിക്കുന്നത് നാണക്കേടാണെന്ന് പാച്ചേനി കുറ്റപ്പെടുത്തി. ജനപ്രതിനിധികളുടെ യോഗമല്ല പാര്‍ട്ടി പ്രതിനിധികളുടെ യോഗമാണ് വിളിച്ചതെന്ന് യോഗത്തിന് നേതൃത്വം നല്‍കിയ മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. പിന്നെ എങ്ങിനെയാണ് രാഗേഷ് പങ്കെടുക്കുന്നതെന്ന് യുഡിഎഫ് നേതാക്കള്‍ ചോദിച്ചു. അത് പാര്‍ട്ടി പ്രതിനിധിയായിട്ടാണെന്ന് മന്ത്രി വിശദീകരിച്ചു. 

ജനപ്രതിനിധികളെ യോഗത്തില്‍ വിളിച്ചില്ലെന്ന് യോഗത്തിന് നേതൃത്വം നല്‍കിയ മന്ത്രി എ.കെ ബാലന്‍ അറിയിച്ചതോടെ തര്‍ക്കം രൂക്ഷമാവുകയായിരുന്നു. സംഭവത്തെ ചോദ്യം ചെയ്ത് പുറത്ത് നില്‍ക്കുകയായിരുന്ന യു.ഡി.എഫ് എം.എല്‍.എമാരായ കെ.സി ജോസഫ്, കെ.എം. ഷാജി, സണ്ണി ജോസഫ് എന്നിവര്‍ യോഗ സ്ഥലത്തേക്ക് പ്രവേശിച്ച് തങ്ങളെ വിളിക്കാത്തതില്‍ കടുത്ത പ്രതിഷേധം അറിയിച്ചു. നാളിത് വരെ കണ്ണൂരില്‍ നടന്ന സമാധാനയോഗത്തില്‍ ഏതിലെങ്കിലും എംഎല്‍എമാരെ വിളിക്കാത്ത സംഭവം ഉണ്ടായിട്ടുണ്ടോയെന്ന് യുഡിഎഫ് പ്രതിനിധികള്‍ ചോദിച്ചു.

പാര്‍ട്ടി പ്രതിനിധിയായിട്ടാണ് കെ.കെ രാഗേഷ് സ്ഥലത്തെത്തിയതെന്ന് എ.കെ ബാലന്‍ പറഞ്ഞെങ്കിലും ഇത് അംഗീകരിക്കാന്‍ യു.ഡി.എഫ് തയ്യാറായില്ല. സതീശന്‍ പാച്ചേനിയുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി മറുപടി പറയുന്നിതിന് പകരം പി. ജയരാജന്‍ മറുപടി പറഞ്ഞത് തര്‍ക്കം വഷളാക്കി. തുടര്‍ന്ന് യു.ഡി.എഫ് യോഗം ബഹിഷ്‌കരിക്കുകയും ചെയ്തു. മന്ത്രി എ.കെ ബാലന് പുറമെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.കെ രാഗേഷ്, കളക്ടര്‍, എസ്.പി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. പി.ജയരാജന്‍ നിയന്ത്രിക്കുന്ന  യോഗത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ് യോഗം ബഹിഷ്‌കരിച്ചതെന്ന് പുറത്തെത്തിയ യു.ഡി.എഫ് എം.എല്‍.എമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സമാധാനമുണ്ടാക്കാനല്ല, സമാധാനഭംഗമുണ്ടാക്കാനാണ് സിപിഎമ്മിന്റെ താത്പര്യമെന്ന് വ്യക്തമായതായി പാച്ചേനി കുറ്റപ്പെടുത്തി. പി. ജയരാജന്‍ നിയന്ത്രിക്കുന്ന യോഗത്തിന് പോയി ഇരിക്കേണ്ട ഗതികേടില്ലെന്ന് കെ.എം/ ഷാജി എംഎല്‍എയും പ്രതികരിച്ചു. സിപിഎം എംഎല്‍എമാര്‍ക്ക് പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കണം. അതുകൊണ്ട് എംഎല്‍എമാരെ വിളിക്കാതിരിക്കുകയാണ് ചെയ്തതെന്ന് കെ.സി ജോസഫ് കുറ്റപ്പെടുത്തി. യോഗം ബഹിഷ്‌കരിച്ച യുഡിഎഫ് നേതാക്കള്‍ പ്രകടനമായി കെ. സുധാകരന്‍ നിരാഹാരം കിടക്കുന്ന പന്തലിലേക്ക് നീങ്ങി.