കൊച്ചി: പ്രശസ്ത മിമിക്രി കലാകാരനും സിനിമ നടനുമായ അബി(52) അന്തരിച്ചു. രക്താർബുദത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാവിലെ എട്ടോടെ പാതാളത്തെ വീട്ടില്‍ നിന്നും കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിച്ചെങ്കിലും അരമണിക്കൂറിനകം മരണം സ്ഥിരീകരിക്കുകയായിരുന്നു. ഖബറടക്കം ഇന്ന് വൈകുന്നേരം 6.30ന് മൂവാറ്റുവപുഴ പെരുമറ്റം മുസ്ലീം ജമാഅത്ത് പള്ളിയില്‍ നടക്കും. 

രോഗം മൂലമാണ് പലപ്പോഴും സിനിമയില്‍ നിന്നും ഷോകളില്‍ നിന്നും വിട്ടു നിന്നത്.

ഹബീബ് മുഹമ്മദ്‌ എന്ന അബി  മലയാളത്തിൽ 50ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.കലാഭവനിലും കൊച്ചിന്‍ സഗറിലും ഹരിശ്രീയിലും കലാകാരനായി പ്രവര്‍ത്തിച്ച പരിചയത്തിൽ നിന്നാണ് സിനിമയിലേക്കുള്ള ചുവടുവെപ്പ്.മഴവില്‍ക്കൂടാരം, സൈന്യം, രസികന്‍, കിരീടമില്ലാത്ത രാജാക്കന്‍മാര്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. 

abhi

സിനിമയിൽ വേഷങ്ങൾ ചെയ്തിരുന്നെങ്കിലും മിമിക്രിയിലൂടെയാണ് മലയാളി മനസ്സിൽ അബി ചിരപ്രതിഷ്ഠ നേടിയത്. മലയാളത്തില്‍ മിമിക്രി കാസറ്റുകള്‍ക്ക് സ്വീകാര്യത നല്‍കിയതില്‍ വലിയൊരു പങ്ക് വഹിച്ച കലാകാരനാണ് അബി. അമിതാഭ് ബച്ചനായും താത്തയായും മിമിക്രി വേദികളിൽ പ്രേക്ഷരെ വിസ്മയിപ്പിച്ചു .

abi
അബിയുടെ മൃതദേഹം ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടു പോകുന്നു.  ഫോട്ടോ: ശിഹാബുദീന്‍ തങ്ങള്‍

അമിതാഭ് ബച്ചന്‍ അടക്കമുള്ള താരങ്ങളുടെ ശബ്ദം മലയാളത്തില്‍ ഡബ്ബ് ചെയ്ത് വലിയ പ്രശംസ പിടിച്ചു പറ്റിയിരുന്നു. മകൻ ഷെയിൻ നിഗം അടുത്തിടെയാണ് സിനിമയിൽ സജീവമായി രംഗത്ത് വന്നത്.