കോഴിക്കോട്: മതേതരവാദികളായ എഴുത്തുകാര്‍ ആയുസ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം നടത്തിക്കൊള്ളുവാനുള്ള ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയുടെ പ്രസംഗത്തിനെതിരെ പോലീസ് കേസെടുത്തു. ഐപിസി 153 പ്രകാരമാണ് കേസെടുത്തത്. വെള്ളിയാഴ്ച പറവൂരില്‍ നടത്തിയ പ്രസംഗത്തിലാണ് പരാമര്‍ശം. ശശികലക്കെതിരെ വി.ഡി.സതീശനും ഡി.വൈ.എഫ്.ഐയും കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.

വി.ഡി.സതീശന്‍ എംഎല്‍എയുടെ പതിനാറടിയന്തിരം പറവൂരില്‍ ഞങ്ങള്‍ നടത്തും എന്ന പരാമര്‍ശത്തിന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി.ബാബുവിനെതിരെയും കേസെടുത്തിട്ടുണ്ട്.

ഇതിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ ശശികലക്കെതിരെ കോഴിക്കോട് പോലീസ് കേസെടുത്തു. ശശികല 2006ല്‍ കോഴിക്കോട് മുതലക്കുളത്ത് നടത്തിയ പ്രസംഗത്തിനെതിരെയാണ് കസബ പോലീസ് കേസെടുത്തത്.

മാറാട് കലാപവുമായി ബന്ധപ്പെട്ട് മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ പ്രസംഗിച്ചുവെന്നാണ് പരാതി. ശശികല 2006ല്‍ നടത്തിയ പ്രസംഗത്തിനെതിരെ ഈ വര്‍ഷം കാസര്‍കോട് പോലീസിലാണ് പരാതി ലഭിച്ചിരുന്നത്. 

ഈ പരാതി കസബ പോലീസിന് കൈമാറി. എന്നാല്‍ ശശികല തന്നെ അറസ്റ്റ് ചെയ്യരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു.