തൃശ്ശൂര്‍: പാമ്പാടി നെഹ്രു കോളേജിലെ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യാക്കുറിപ്പെന്ന് സംശയിക്കുന്ന കത്ത് അന്വേഷണസംഘം കണ്ടെത്തി. ക്രൈംബ്രാഞ്ച് സംഘം കോളേജ് ഹോസ്റ്റലില്‍ നടത്തിയ പരിശോധനയില്‍ കുളിമുറിയുടെ ഓവുചാലില്‍നിന്നാണ് കത്ത് ലഭിച്ചത്. തന്റെ ജീവിതവും സ്വപ്‌നങ്ങളും തകര്‍ന്നുവെന്നും താന്‍ വിടവാങ്ങുകയാണെന്നും കത്തില്‍ പറയുന്നു. ജിഷ്ണുവിന്റെ ആത്മഹത്യാക്കുറിപ്പ് തന്നെയാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

പോലീസ് സംഘം ഹോസ്റ്റലില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഈ കത്ത് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് കത്ത് ലഭിച്ചത്. ജിഷ്ണു പ്രണോയ് അവധി അപേക്ഷിച്ചിരുന്നു എന്നത് സംബന്ധിച്ച വിവരവും ലഭിച്ചിട്ടുണ്ട്.

അതിനിടെ ജിഷ്ണുവിന്റെ മരണം അന്വേഷിക്കുന്ന ഡി.വൈ.എസ്.പി ബിജു കെ സ്റ്റീഫനെ അന്വേഷണ ചുമതലയില്‍നിന്ന് മാറ്റി. ഇരിങ്ങാലക്കുട എ.എസ്.പി കിരണ്‍ നാരായണനാണ് അന്വേഷണ ചുമതല നല്‍കിയിട്ടുള്ളത്. ജിഷ്ണുവിന്റേതെന്ന് കരുതുന്ന കത്തിന്റെ ആധികാരികത സംബന്ധിച്ച അന്വേഷണം പുതിയ ഉദ്യോഗസ്ഥനാവും നടത്തുക.