കോഴിക്കോട്: എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി ജിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തില്‍ നെഹ്‌റു കോളേജ് മാനേജ്‌മെന്റും പിണറായി സര്‍ക്കാരും തമ്മില്‍ ഒത്തുകളിക്കുകയാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയ്. ജിഷ്ണുവിന്റെ കുടുംബത്തിന് കോളേജ് മാനേജ്‌മെന്റ് ധനസഹായം നല്‍കണമെന്നും ജോയ് കോഴിക്കോട് പത്രസമ്മേളനത്തില്‍ പറഞ്ഞു.

സ്വാശ്രയ ഫീസുമായി ബന്ധപ്പെട്ട് യുഡിഎഫ് വിഷയം ഉന്നയിച്ചപ്പോള്‍ സമരം അടിച്ചൊതുക്കാന്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാനാണ് പിണറായിക്കൊപ്പം നിന്നത്. മന്ത്രി എ.കെ ബാലന്റെ ഭാര്യ ഇതേ മാനേജ്‌മെന്റിനു കീഴിലുള്ള വിദ്യഭ്യാസ സ്ഥാപനത്തിന്റെ മേധാവിയായി പ്രവര്‍ത്തിക്കുന്നു. സ്വാശ്രയ മാനേജ്‌മെന്റുകള്‍ സ്‌പോണ്‍സര്‍ ചെയ്ത സര്‍ക്കാരാണിതെന്നും ജോയ് പറഞ്ഞു.

ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായ പ്രവീണ്‍ എന്ന അധ്യാപകനും വൈസ് പ്രിന്‍സിപ്പലിനും എതിരെ ഇതുവരെ നടപടി എടുത്തിട്ടില്ല. കോളേജില്‍ അന്വേഷണസംഘം പരിശോധനയ്ക്കു വന്നപ്പോള്‍ പ്രവീണ്‍ ലീവ് എടുത്ത് മാറിനില്‍ക്കുകയാണ് ചെയ്തതെന്നും വി.എസ് ജോയ് ആരോപിച്ചു.