തിരുവനന്തപുരം:  ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പ്ലസ്ടുവിന് 80.94 ശതമാനമാണ് വിജയം. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ ഒന്നും രണ്ടും ഭാഗങ്ങളിലായി 87.72 ശതമാനവും മൂന്നുഭാഗങ്ങളിലുമായി 79.03 ശതമാനവുമാണ് വിജയം.

ഹയര്‍സെക്കന്‍ഡറിയില്‍ കഴിഞ്ഞതവണത്തെ അപേക്ഷിച്ച് വിജയം മൂന്നുശതമാനം കുറഞ്ഞു. പ്ലസ്ടുവിന് 9870 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു. ഇതില്‍ തന്നെ 125 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിനും ഫുള്‍മാര്‍ക്ക് കിട്ടി. എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചവരില്‍ 70 ശതമാനവും പെണ്‍കുട്ടികളാണ്.

ഹയര്‍സെക്കന്‍ഡറിയില്‍ സംസ്ഥാനത്ത് 72 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. വിജയശതമാനം ഏറ്റവും കൂടുതല്‍ കണ്ണൂരില്‍ 84.86. കുറവ് പത്തനംതിട്ടയില്‍ 72.4 ശതമാനം. എ പ്ലസ് ലഭിച്ചവരില്‍ ഏറ്റവും കൂടുതല്‍ കൊല്ലം ജില്ലയില്‍(1111 പേര്‍). ജനറല്‍ വിഭാഗത്തില്‍ 88.53 ഉം ഒ.ഇ.സി വിഭാഗത്തില്‍ 70.23 ഉം ഒ.ബി.സി വിഭാഗത്തില്‍ 82.45 ഉം എസ്.ടി വിഭാഗത്തില്‍ 61.42 ശതമാനവും എസ്.സി വിഭാഗത്തില്‍ 61.07 ശതമാനവുമാണ് വിജയം. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ മൂന്നു പാര്‍ട്ടുകളിലുമായി ഏറ്റവും കൂടുതല്‍ വിജയം പാലക്കാട്ടും(89.64%) കുറവ് പത്തനംതിട്ടയിലും(62.46 %)

ജൂണ്‍ രണ്ട് മുതല്‍ എട്ടാം തീയതിവരെ സേ പരീക്ഷകള്‍ നടത്തും. ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദാണ് ഫലപ്രഖ്യാപനം നടത്തിയത്. പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന് ഈ മാസം 17 മുതല്‍ അപേക്ഷിക്കാം