കണ്ണൂര്‍: കോഴിക്കോട് ചേളന്നൂരില്‍നിന്ന് കാണാതായ കുട്ടികളെ പറശ്ശിനിക്കടവ് ക്ഷേത്ര പരിസരത്ത് കണ്ടെത്തി. കുമാരസ്വാമി കളംകൊള്ളിത്താഴത്തിന് സമീപത്തുനിന്ന് കാണാതായ ഞേറക്കാട്ട് മീത്തല്‍ മുഹമ്മദ് റഫീഖ് ഷെയ്ഖിന്റെ മകന്‍ മുഹമ്മദ് ഷാഹില്‍ ഷെയ്ഖ് (13), ഞേറക്കാട്ട് മീത്തല്‍ രാധാകൃഷ്ണന്റെ മകന്‍ അഭിനവ് കൃഷ്ണ (14) എന്നിവരെയാണ് കണ്ടെത്തിയത്.

കാണാതായ കുട്ടികളെക്കുറിച്ച് ഇന്നലെ വൈകുന്നേരമാണ് പോലീസിന് സൂചന ലഭിച്ചത്. കുട്ടികളെ പറശ്ശനിക്കടവില്‍ കണ്ടതായുള്ള വിവരത്തെ തുടര്‍ന്നാണ് പോലീസ് വെള്ളിയാഴ്ച ഇവിടെ പരിശോധന നടത്തിയത്. രാവിലെ പത്തുമണിയോടെയാണ് നാട്ടുകാരും പോലീസും ചേര്‍ന്ന് ഇവരെ ക്ഷേത്രത്തിനു സമീപത്തുനിന്ന് കണ്ടെത്തിയത്. ഇവരോടൊപ്പം ഒരു മുതിര്‍ന്ന ആളുകൂടിയുണ്ട് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. 

കുട്ടികള്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇതിനു പിന്നില്‍ ബാഹ്യ പ്രേരണ എന്തെങ്കിലും ഉണ്ടോ എന്നതും കുട്ടികള്‍ക്കൊപ്പം കണ്ട മുതിര്‍ന്ന ആള്‍ ആരാണ് എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടികള്‍ എങ്ങനെ പറശ്ശിനിക്കടവില്‍ എത്തി എന്നത് സംബന്ധിച്ച വിവരങ്ങളും അറിവായിട്ടില്ല. കുട്ടികള്‍ രണ്ടുപേരും അവശരാണ്. ഇവരെ കോഴിക്കോടേക്ക് കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. 

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ മുതലാണ് കുട്ടികളെ കാണാതായത്. രാവിലെ അഞ്ചരയോടെ മദ്രസയിലേക്കെന്നു പറഞ്ഞാണ് മുഹമ്മദ് ഷാഹില്‍ വീട്ടില്‍നിന്ന് പോയത്. എന്നാല്‍ കുട്ടി മദ്രസയില്‍ എത്തിയില്ല. ഈ സമയത്തുതന്നെയാണ് സമീപത്തെ വീട്ടിലെ അഭിനവിനെയും കാണാതാകുന്നത്. കാക്കൂര്‍ പോലീസ് ഇവര്‍ക്കായി വ്യാപകമായ അന്വേഷണം നടത്തുന്നതിനിടെയാണ് ഇവരെ കണ്ണൂരില്‍ കണ്ടെത്തിയത്.

Content Highlights: Missing Children Found, Prassinikkadav, chelannur