കൊച്ചി: 'പഞ്ചസാര കഴിച്ചില്ലെങ്കില്‍ കാന്‍സര്‍ തനിയെ നശിക്കും, ചെറുനാരങ്ങ ചൂടുവെള്ളത്തില്‍ പിഴിഞ്ഞ് വെറുംവയറ്റില്‍ കഴിക്കുന്നത് 1000 കീമോയേക്കാള്‍ ഗുണകരം, രാവിലെയും രാത്രിയും മൂന്ന് ടീസ്പൂണ്‍ വീതം ഓര്‍ഗാനിക് വെളിച്ചെണ്ണ കുടിക്കുന്നത് കാന്‍സറിനെ തുരത്തും...'

കഴിഞ്ഞ ദിവസങ്ങളില്‍ വാട്‌സ്ആപ്പും ഫെയ്‌സ്ബുക്കും ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച സന്ദേശമാണിത്. അര്‍ബുദ ചികിത്സാരംഗത്ത് പ്രശസ്തനായ ഡോക്ടര്‍ വി.പി. ഗംഗാധരന്റെ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളെന്ന പേരിലാണ് സന്ദേശമെത്തിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് പേരാണ് ഈ ചിത്രസന്ദേശം ഷെയര്‍ ചെയ്തത്. 

എന്നാല്‍, ഇത് വ്യാജമാണെന്നും താന്‍ ഒരിടത്തും ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഡോ.ഗംഗാധരന്‍ ഇപ്പോള്‍. ഇതുസംബന്ധിച്ച് അദ്ദേഹം സൈബര്‍ സെല്ലില്‍ പരാതിയും നല്‍കി. വ്യാജസന്ദേശത്തെ കുറിച്ചും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് ഡോക്ടര്‍ വി.പി.ഗംഗാധരന്‍.

സന്ദേശം അടിസ്ഥാനരഹിതം

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളുമായി എനിക്കൊരു ബന്ധമില്ലെന്ന് മാത്രമല്ല അതില്‍ പറയുന്ന കാര്യങ്ങളെല്ലാം ഒരുതരത്തിലും അടിസ്ഥാനമില്ലാത്തതുമാണ്. അതില്‍ പറയുന്നതുപോലൊരു കാര്യവും ഒരിക്കലും ഞങ്ങളുടെയാരുടെയും വായില്‍ നിന്നും അബദ്ധത്തില്‍ പോലും വരില്ല. വെറും സന്ദേശമായാല്‍ കിട്ടുന്നതിനേക്കാള്‍ വിശ്വാസ്യത ഡോക്ടറുടെ ചിത്രം വെച്ച് പ്രചരിപ്പിച്ചാല്‍ കിട്ടുമെന്നതുകൊണ്ടാകാം ഇത്തരത്തില്‍ സന്ദേശം പ്രചരിപ്പിക്കുന്നത്. പക്ഷേ, ഇത് പ്രചരിപ്പിക്കുന്നതിന് പിന്നിലുള്ള ലക്ഷ്യമെന്താണെന്ന് മാത്രമാണ് മനസിലാകാത്തത്.

അപകടം രോഗികള്‍ക്ക്

ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിക്കുന്നതിലെ അപകടം രോഗികള്‍ക്കാണ്. ഈ സന്ദേശം പ്രചരിച്ചു തുടങ്ങിയ ശേഷം നിരവധി പേരാണ് എന്നെ വിളിക്കുന്നത്, മരുന്ന് നിര്‍ത്തി ഈ മാര്‍ഗങ്ങള്‍ സ്വീകരിക്കട്ടേ എന്ന് ചോദിച്ച്. പലരും എന്റെ രോഗികള്‍ പോലുമല്ല. മകന് ബ്രെയിന്‍ ട്യൂമറാണ് മരുന്നുകള്‍ നിര്‍ത്തി ഈ മാര്‍ഗങ്ങള്‍ സ്വീകരിക്കട്ടേ എന്നാണ് ഒരാള്‍ വിളിച്ചുചോദിച്ചത്. 

രോഗികളും ബന്ധുക്കളും എന്ത് മാര്‍ഗവും സ്വീകരിക്കാന്‍ തയാറാകുന്നവരായിരിക്കും. അവര്‍ക്ക് മുന്നില്‍ വരുന്ന ഏത് കച്ചിത്തുരുമ്പിലും അവര്‍ കയറിപ്പിടിക്കും. അതിനരെ കുറ്റപ്പെടുത്താനാവില്ല. ഇത്തരം സന്ദേശങ്ങള്‍ അവരെ എളുപ്പത്തില്‍ സ്വാധീനിക്കും. അതാണ് അപകടകരം. പലരും വിളിച്ചു ചോദിക്കുന്നുണ്ടെങ്കിലും വിളിക്കാത്തവരാകും കൂടുതല്‍. ശരിയല്ലെന്നറിയാതെ ഈ മാര്‍ഗങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയവര്‍ പോലുമുണ്ടോ എന്നുപോലും നമുക്കറിയില്ല. അതുകൊണ്ടാണ് ഇതുസംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തതും.

വ്യാജപ്രചാരണം ഗൗരവമുള്ള കുറ്റം

ഇത് വളരെ ഗൗരവമുള്ള വിഷയമാണ്. സന്ദേശം പ്രചരിപ്പിക്കുന്നവര്‍ അവര്‍ പോലുമറിയാതെ വലിയ കുറ്റമാണ് ചെയ്യുന്നത്. സിനിമയെ കുറിച്ചോ മറ്റോ ഉള്ള ഒരു സന്ദേശം അയക്കുന്നത് പോലെയല്ല. അര്‍ബുദം പോലുള്ള രോഗങ്ങളെ കുറിച്ചുള്ള ഇത്തരം വ്യാജ സന്ദേശങ്ങള്‍ മറ്റുള്ളവരുടെ ജീവനെ പോലും ബാധിച്ചേക്കാമെന്ന് മനസ്സിലാക്കണം.

നമ്മള്‍ സദുദ്ദേശത്തോടെയാകും ഒരു സന്ദേശം ഷെയര്‍ ചെയ്യുന്നത്. എന്നാല്‍, ആ സന്ദേശം തെറ്റാണെങ്കില്‍ നേരെ വിപരീതമായ ഫലമാകും ഉണ്ടാവുക എന്ന് നാം പലപ്പോഴും ഓര്‍ക്കുന്നില്ല. കിട്ടുന്നതെല്ലാം വെറുതേ ഫോര്‍വേഡ് ചെയ്യുന്നത് ശരിയല്ല. ഒരു വ്യാജസന്ദേശം നമ്മള്‍ മറ്റൊരാള്‍ക്ക് അയക്കുമ്പോള്‍ നമ്മുടെ വിശ്വാസ്യതയെയാണ് സന്ദേശമുണ്ടാക്കിയവര്‍ ചൂഷണം ചെയ്യുന്നത്.

ആധികാരികത ഇല്ലാത്തതൊന്നും ഫോര്‍വേഡ് ചെയ്യരുത്

അര്‍ബുദ പരിഹാരത്തെക്കുറിച്ചുള്ള വാട്‌സ്ആപ്പ് സന്ദേശത്തിന് ചുരുങ്ങിയ സമയം കൊണ്ട് വലിയ പ്രചാരമാണ് ലഭിച്ചത്. ഇതുതന്നെയാണ് ഇത്തരം സന്ദേശങ്ങള്‍ കൂടുതലായി ഇറക്കാന്‍ ഇതിനു പിന്നിലുള്ളവര്‍ക്ക് പ്രചോദനമാകുന്നതും. ഒരു ഡോക്ടറുടെ ഫോട്ടോ ഉള്ളതിന്റെ പേരിലോ അറിയപ്പെടുന്ന ഒരു വ്യക്തി പറഞ്ഞതാണെന്ന് അവകാശപ്പെട്ട് വന്നതിന്റെ പേരിലോ ഒരിക്കലും ഇത്തരം മെസേജുകള്‍ മറ്റുള്ളവര്‍ക്ക് അയക്കരുത്. അയച്ച ആളോട് സന്ദേശത്തെക്കുറിച്ച് ചോദിക്കണം. ഇതിന്റെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയെന്ന് പറഞ്ഞുകൊടുക്കണം.

ഇനി വിശ്വാസ്യത ഉറപ്പാക്കാനാണെങ്കില്‍, ഈ സന്ദേശത്തിന്റെ കാര്യത്തിലാണെങ്കില്‍ എന്നെ വിളിച്ചു ചോദിക്കാം. എന്നെ ഇതുവരെ വിളിച്ചവര്‍ക്കൊക്കെ കഴിയുന്ന രീതിയില്‍ കാര്യങ്ങള്‍ വ്യക്തമാക്കി കൊടുത്തിട്ടുണ്ട്. അല്ലെങ്കില്‍, നിങ്ങളുടെ ഡോക്ടറോട് ചോദിക്കാം. ഉറപ്പാക്കാനാകാത്ത സാഹചര്യമാണെങ്കില്‍ അത് മറ്റുള്ളവരിലേക്ക് അയക്കാതിരിക്കുകയെങ്കിലും ചെയ്യുക. പ്രത്യേകിച്ച് ഗുരുതര രോഗങ്ങളെ കുറിച്ച് തെറ്റിദ്ധാരണ പരത്തി മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുന്ന സന്ദേശങ്ങളെങ്കിലും. 

ഇത്തരം സന്ദേശങ്ങള്‍ കാണുകയാണെങ്കില്‍ രോഗികള്‍ തീര്‍ച്ചയായും എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് ഡോക്ടറുടെ നിര്‍ദേശം തേടുക. ഒരിക്കലും സ്വയംചികിത്സ അരുത്.