കൊച്ചി: പ്രമുഖ അഭിഭാഷകനും മുന്‍ എം.പിയുമായ ഡോ. സെബാസ്റ്റ്യന്‍ പോളിനെ കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ സസ്പെൻഡ് ചെയ്തു. ജുഡീഷ്യറിക്കും അഭിഭാഷക സമൂഹത്തിനും അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന്റെ പേരിലാണ്  നടപടിയെന്ന് അസോസിയേഷന്റെ നോട്ടീസില്‍ പറയുന്നു.

സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നാണ് സെബാസ്റ്റ്യന്‍ പോളിനെ സസ്പെൻഡ് ചെയ്തത്. ജുഡീഷ്യറിക്കും അഭിഭാഷക സമൂഹത്തിനും എതിരായി അദ്ദേഹം പല പ്രസ്താവനകളും നടത്തി, വിവാദങ്ങളില്‍ അഭിഭാഷകര്‍ക്കെതിരായി ചാനലുകളില്‍ സംസാരിച്ചു- തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. 

സെബാസ്റ്റ്യന്‍ പോളിന്റെ നിലപാടുകള്‍ക്കെതിരായി അസോസിയേഷന് പരാതി ലഭിച്ചിരുന്നെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ അസോസിയേഷന്‍ നിയമാവലികള്‍ക്ക് അനുസരിച്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് നടപടി എടുത്തിരിക്കുന്നതെന്നും അസോസിയേഷന്‍ സെക്രട്ടറി ഒപ്പിട്ട നോട്ടീസില്‍ പറയുന്നു.

അതേസമയം, തനിക്കെതിരായ നടപടി അഭിപ്രായപ്രകടനം നടത്തിയതിന്റെ പേരിലാണെന്നും ഇത് അപലപനീയമാണെന്നും സെബാസ്റ്റ്യന്‍ പോള്‍ പ്രതികരിച്ചു. പ്രവൃത്തികൊണ്ട് അവമതിപ്പുണ്ടാക്കിയ അഭിഭാഷകരെ അസോസിയേഷന്‍ സംരക്ഷിക്കുകയാണ്. താന്‍ അസോസിയേഷനെതിരായി സംസാരിച്ചിട്ടില്ല. പ്രശ്‌നത്തില്‍ ഒരു വിധത്തിലുള്ള ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നാണ് തനിക്കെതിരായ നടപടിയിലൂടെ അസോസിയേഷന്‍ തെളിയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതിയില്‍ മാധ്യമ പ്രവര്‍ത്തകരെ പ്രവേശിപ്പിക്കാത്ത അഭിഭാഷകരുടെ നടപടിയില്‍ സെബാസ്റ്റ്യന്‍ പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. മാത്രമല്ല, അഭിഭാഷകരുടെ നടപടിയെ വിമര്‍ശിച്ച് അദ്ദേഹം പ്രസ്താവനകള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ അഭിഭാഷക അസോസിയേഷന്‍ അദ്ദേഹത്തിനെതിരായി നടപടിയെടുത്തിരിക്കുന്നത്. 

സെബാസ്റ്റ്യന്‍ പോളിനെ കൂടാതെ സമാന നിലപാട് സ്വീകരിച്ച മറ്റു ചില അഭിഭാഷകര്‍ക്കെതിരെയും നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.

advocates association