dileep
ദിലീപ് ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിക്കുമൊപ്പം-ഫോട്ടോ: സിദ്ദിഖുല്‍ അക്ബര്‍

കൊച്ചി: ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ പറവൂര്‍ കവല വി.ഐ.പി. ലെയ്നിലെ വീടിന്റെ ഗെയ്റ്റ് അടഞ്ഞുകിടന്നു. എങ്കിലും അകത്തെ ആഹ്ലാദം പുറത്തറിയാം. പുറത്ത് ഏതാനും മാധ്യമപ്രവര്‍ത്തകര്‍ മാത്രം. അടുത്തുള്ള വീടുകളില്‍നിന്ന് തലകള്‍ നീണ്ടു. ദിലീപ് ജയിലില്‍നിന്ന് പുറത്തുവരുന്ന ദൃശ്യങ്ങള്‍ ടി.വി.യില്‍ വന്നതോടെ വീടിനുള്ളില്‍ ആരവവും കൈയടികളും ഉയര്‍ന്നു.

ഒരു ദിലീപ് സിനിമയുടെ ചേരുവകള്‍ നിറഞ്ഞതായിരുന്നു തുടര്‍ന്നുള്ള നിമിഷങ്ങള്‍. കൃത്യം അഞ്ചരയ്ക്ക് ദിലീപുമായുള്ള വാഹനം വീടിനുമുന്നിലെത്തി. പടിപ്പുരവാതില്‍ തുറന്ന് അകത്തുകടന്ന ദിലീപിനെ അമ്മ സരോജം കെട്ടിപ്പുണര്‍ന്ന് ഉമ്മവെച്ചു. പുറത്തേക്കിറങ്ങിവന്ന ഭാര്യ കാവ്യാമാധവനെയും മകള്‍ മീനാക്ഷിയെയും ചേര്‍ത്തുപിടിച്ച് നടന്‍ അകത്തേക്കുകടന്നു.

നടന്‍ സിദ്ദിഖും നേരത്തേ ഇവിടെയെത്തിയിരുന്നു. സിദ്ദിഖും പുറത്തേക്കുവന്ന് ദിലീപിനെ കെട്ടിപ്പിടിച്ചു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമായി കുറേപ്പേര്‍ വീടിനുള്ളിലുണ്ടായിരുന്നു.

അപ്പോഴേക്കും വിവരമറിഞ്ഞ് ആരാധകരുമെത്തി. അകത്തേക്കുപോയ ദിലീപ് പലതവണ പുറത്തുവന്ന് ഗെയ്റ്റിനു മുകളിലൂടെയും മതിലിലെ വിടവിലൂടെയും ആരാധകര്‍ക്ക് കൈകൊടുത്തു. ദിലീപിന് ജയ്വിളികളും മുഴങ്ങി. ഗെയ്റ്റിനകത്തും പുറത്തു ലഡു വിതരണംചെയ്തു.

ചാനല്‍ മൈക്കുകള്‍ നീണ്ടെങ്കിലും ഒന്നും പറയില്ലെന്ന് ആംഗ്യരൂപേണ ദിലീപ് കാണിച്ചു. മാധ്യമങ്ങളോടു സംസാരിക്കരുതെന്ന് ഒപ്പമുള്ളവര്‍ക്കും നടന്‍ നിര്‍ദേശം നല്‍കുന്നതു കാണാമായിരുന്നു. ആളുകള്‍ കൂടിയതോടെ ദിലീപ് ബാല്‍ക്കണിയിലെത്തി എല്ലാവര്‍ക്കും കൈവീശി നന്ദിപറഞ്ഞു.

അപ്പോഴേക്കും അടുത്തസുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെത്തി. ദിലീപിന്റെ പുതിയ സിനിമയുടെ സംവിധായകന്‍ അരുണ്‍ ഗോപി, നടി ലക്ഷ്മിപ്രിയ, നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി, നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍ എന്നിവരും ദിലീപിനെ കാണാനെത്തി.

ജാമ്യം കര്‍ശന വ്യവസ്ഥകളോടെ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ഉപാധികളോടെ ജാമ്യം. അന്വേഷണം അവസാനഘട്ടത്തിലെത്തിയെന്നും തുടര്‍കസ്റ്റഡി ആവശ്യമില്ലെന്നും വിലയിരുത്തി ഹൈക്കോടതി സിംഗിള്‍ബെഞ്ച് കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.

85 ദിവസമായി ആലുവ സബ്ജയിലിലായിരുന്ന ദിലീപ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പുറത്തിറങ്ങി. ഒട്ടേറെ സിനിമാപ്രവര്‍ത്തകരും ആരാധകരും ദിലീപിന് സ്വീകരണമൊരുക്കി ജയിലിനുപുറത്തുണ്ടായിരുന്നു. തുടര്‍ന്ന് ആലുവയിലെ കുടുംബവീട്ടിലേക്ക് പോയി.

ആക്രമിക്കപ്പെട്ട നടിയെയോ സാക്ഷികളെയോ സ്വാധീനിക്കരുതെന്നതുള്‍പ്പെടെ കര്‍ശനവ്യവസ്ഥകളാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കും. വിചാരണക്കോടതിയും ഹൈക്കോടതിയും മുമ്പ് രണ്ടുതവണവീതം ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

മറ്റ് ജാമ്യവ്യവസ്ഥകള്‍

* ഒരുലക്ഷം രൂപയുടെ സ്വന്തം ജാമ്യവും തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും.

* പാസ്പോര്‍ട്ട് മജിസ്ട്രേറ്റ് മുമ്പാകെ സമര്‍പ്പിക്കണം.

* അന്വേഷണോദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം.

* കേസ് നടപടികളുമായി സഹകരിക്കണം.

* അന്തിമറിപ്പോര്‍ട്ട് നല്‍കുന്നതിനിടെ അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്.

* വാക്കാലോ അച്ചടി, ദൃശ്യ, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയോ സ്വാധീന, ഭീഷണിശ്രമങ്ങള്‍ പാടില്ല.

കുറ്റപത്രം ഏഴിനകം സമര്‍പ്പിച്ചേക്കും; ഇനി നിയമയുദ്ധം

dileep

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒക്ടോബര്‍ ഏഴിനകം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചേക്കും. ധൃതിയില്‍ കുറ്റപത്രം നല്‍കുന്നതിനേക്കാള്‍ അത് കുറ്റമറ്റതാക്കാനാണ് ശ്രമം. പരമാവധി തെളിവുകള്‍ കുറ്റപത്രത്തില്‍ ഉള്‍ക്കൊള്ളിച്ചാവും കോടതിയില്‍ സമര്‍പ്പിക്കുക. അതുകൊണ്ടാണ് ജാമ്യാപേക്ഷയില്‍ വിധിപറയുംമുമ്പ് കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതെന്ന് പോലീസ് പറയുന്നു.

കുറ്റപത്രം സമര്‍പ്പിച്ചാലും ദിലീപിന് ജാമ്യം ലഭിക്കുന്നതിന് തടസ്സമാകുമായിരുന്നില്ല. കേസില്‍ പോലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. അന്വേഷണം ഏതാണ്ട് പൂര്‍ത്തിയാകുകയും ചെയ്തു. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ മാത്രമാണ് ഇനി കിട്ടാനുള്ളത്. ഇത് കുറ്റപത്രത്തില്‍ സൂചിപ്പിച്ചാല്‍ മതിയാകും.

കേസില്‍ ചോദ്യംചെയ്തവരുള്‍പ്പെടെ നടനെ സന്ദര്‍ശിക്കുന്നത് ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. നാദിര്‍ഷ, സഹോദരന്‍ സമദ് എന്നിവര്‍ ദിലീപിനെ സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, ആരെയൊക്കെയാണ് പ്രോസിക്യൂഷന്‍ സാക്ഷിയാക്കുകയെന്ന് വ്യക്തമല്ല.

കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ കേസില്‍ നിയമയുദ്ധത്തിന് തുടക്കമാകും. വിചാരണ ഉടന്‍ തുടങ്ങണമെന്ന് നിര്‍ബന്ധമില്ല. ഇതിനായി പ്രത്യേകകോടതി വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടാലും കോടതി അംഗീകരിക്കണമെന്നില്ല. അല്ലെങ്കില്‍ സൗമ്യ, ജിഷ കേസുകള്‍ പോലെ തന്നെയാണ് ഇതെന്ന് ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിയണം.

വിചാരണ വൈകുന്നത് തന്നെ സംശയനിഴലില്‍ നിര്‍ത്തുന്നുവെന്നും ഇത് വേഗത്തിലാക്കണമെന്നും വാദിച്ച് ദിലീപും കോടതിയെ സമീപിച്ചേക്കും. കുറ്റപത്രത്തില്‍ തനിക്കെതിരേ പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്നുകാണിച്ച് വിടുതല്‍ ഹര്‍ജിയുമായും നടന് കോടതിയെ സമീപിക്കാം. ഇതെല്ലാം കടുത്ത നിയമയുദ്ധത്തിലേക്ക് നയിക്കും.

നിര്‍ഭയ കേസിനുശേഷം സ്ത്രീപീഡനക്കേസുകള്‍ രണ്ടുമാസത്തിനകം പൂര്‍ത്തീകരിക്കണമെന്ന നിലയില്‍ സി.ആര്‍.പി.സി. ഭേദഗതികള്‍ വന്നിട്ടുണ്ടെന്നും അതിനാല്‍ ഈ കേസും ഇതിന്റെ പരിധിയില്‍ വരുമെന്നും പറയുന്ന അഭിഭാഷകരുണ്ട്. എന്നാല്‍, പ്രായോഗികമായി ഇത് സാധിക്കണമെന്നില്ലെന്ന് ഹൈക്കോടതി അഭിഭാഷകന്‍ കാളീശ്വരം രാജ് പറഞ്ഞു.

കേസിന്റെ നാള്‍വഴി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന് ജാമ്യം ലഭിക്കുന്നത് 85 ദിവസത്തെ ജയില്‍വാസത്തിനുശേഷം. കേരളം ഉറ്റുനോക്കിയ കേസിന്റെ നാള്‍വഴികളിലൂടെ

ഫെബ്രുവരി 17- തൃശ്ശൂരില്‍നിന്ന് ഡബ്ബിങ് ജോലികള്‍ക്കായി എറണാകുളത്തേക്ക് പോകുന്നതിനിടെ നടിയെ ഒരുസംഘം തട്ടിക്കൊണ്ടുപോകുന്നു. നടിയെ കാറില്‍വെച്ച് ഉപദ്രവിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി.

ഫ്രെബുവരി 18- നടിയുടെ കാറോടിച്ചിരുന്ന കൊരട്ടി പൂവത്തുശ്ശേരിയില്‍ മാര്‍ട്ടിന്‍ ആന്റണി (24) അറസ്റ്റില്‍. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്കായി തിരച്ചില്‍.

ഫെബ്രുവരി 19- കേസിലെ പ്രതികളായ വടിവാള്‍ സലീം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവര്‍ അറസ്റ്റില്‍. മറ്റു പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്.

ഫെബ്രുവരി 20- പ്രതി മണികണ്ഠന്‍ പിടിയില്‍.

ഫെബ്രുവരി 21- ദിലീപിലേക്ക് അന്വേഷണം നീങ്ങുന്നു. ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തി പോലീസ് വിവരങ്ങള്‍ ശേഖരിച്ചു.

ഫെബ്രുവരി 23- പള്‍സര്‍ സുനിയും വിജീഷും അറസ്റ്റില്‍. പിടിയിലായത് എറണാകുളം കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോള്‍.

ഫെബ്രുവരി 24- നടിയെ തട്ടിക്കൊണ്ടുപോയത് ഭീഷണിപ്പെടുത്തി ഒരുകോടി വാങ്ങാനെന്ന് സുനിയുടെ വെളിപ്പെടുത്തല്‍. സുനിയെയും വിജീഷിനെയും റിമാന്‍ഡ് ചെയ്തു.

ഫെബ്രുവരി 25- ആലുവ സബ് ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ നാലുപ്രതികളെയും നടി തിരിച്ചറിഞ്ഞു.

ഫെബ്രുവരി 28- ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് സംശയിക്കുന്ന മൊബൈല്‍ഫോണ്‍ ഗോശ്രീ പാലത്തില്‍നിന്ന് കായലില്‍ എറിഞ്ഞെന്ന സുനിയുടെ മൊഴിയില്‍ ഫോണിനായി തിരച്ചില്‍. ഫോണ്‍ കണ്ടെത്താനായില്ല.

മാര്‍ച്ച് 17- പള്‍സര്‍ സുനിക്ക് സിം കാര്‍ഡ് നല്‍കിയ സ്ത്രീയടക്കം രണ്ടുപേര്‍ കോട്ടയത്ത് അറസ്റ്റില്‍.

മാര്‍ച്ച് 21- പള്‍സര്‍ സുനിയുടെ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ആലുവയിലെ വീട്ടിലും എറണാകുളത്തെ ഓഫീസിലും പോലീസ് പരിശോധന.

ഏപ്രില്‍ 18- പള്‍സര്‍ സുനി ഉള്‍പ്പെടെ ഏഴുപേരെ പ്രതികളാക്കി അന്വേഷണസംഘം അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

ജൂണ്‍ 18- പള്‍സര്‍ സുനി കാക്കനാട് ജില്ലാ ജയിലില്‍ സഹതടവുകാരോട് ആക്രമണത്തെപ്പറ്റി നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയെന്ന് പോലീസിന് വിവരം.

ജൂണ്‍ 24- പള്‍സര്‍ സുനിയുടെ സുഹൃത്ത് വിഷ്ണു ഒന്നരക്കോടിരൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന് നടന്‍ ദിലീപും നാദിര്‍ഷയും. ജയിലില്‍നിന്ന് സുനി ദിലീപിന് എഴുതിയതെന്ന് കരുതുന്ന കത്ത് പുറത്ത്.

ജൂണ്‍ 28- ദിലീപിനെയും നാദിര്‍ഷയെയും ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യംചെയ്തു. ഉച്ചയ്ക്ക് 12.30ന് തുടങ്ങിയ ചോദ്യംചെയ്യല്‍ പിറ്റേന്ന് പുലര്‍ച്ചെ ഒന്നേകാല്‍വരെ നീണ്ടു.

ജൂണ്‍ 30- കാവ്യാമാധവന്റെ കാക്കനാട്ടെ വസ്ത്രസ്ഥാപനത്തില്‍ പരിശോധന. നടിയുടെ ദൃശ്യങ്ങള്‍ കാക്കനാട്ടെ കടയില്‍ കൊടുത്തെന്ന സുനിയുടെ കത്തിലെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ജൂലായ് 5- ഫോണ്‍ മോഷണക്കേസില്‍ പള്‍സര്‍ സുനിയെ ചോദ്യംചെയ്യാന്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങുന്നു.

ജൂലായ് 10- സുനിയുടെ അഞ്ചുദിവസം നീണ്ടുനിന്ന ചോദ്യംചെയ്യലിനൊടുവില്‍ കസ്റ്റഡി തീരുന്നദിവസം നടന്‍ ദിലീപ് അറസ്റ്റിലാകുന്നു.

ജൂലായ് 11- ദിലീപിനെ താരസംഘടന 'അമ്മ' പുറത്താക്കി.

ജൂലായ് 15- ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി.

ജൂലായ് 24- ജാമ്യംതേടി ദിലീപ് ഹൈക്കോടതിയില്‍.

ജൂലായ് 25- ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

ഓഗസ്റ്റ് 10- ദിലീപ് വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.

ഓഗസ്റ്റ് 29- ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി.

സെപ്റ്റംബര്‍ 6- അച്ഛന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുക്കാന്‍ കോടതി അനുമതിയോടെ ദിലീപ് രണ്ടുമണിക്കൂര്‍ നേരം വീട്ടിലെത്തി.

സെപ്റ്റംബര്‍ 18- അങ്കമാലി കോടതി വീണ്ടും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളി.

ഒക്ടോബര്‍ 3- ദിലീപിന് ഹൈക്കോടതി ജാമ്യം.

ജാമ്യം തള്ളിയ സാഹചര്യം മാറിയെന്ന് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണത്തിന്റെയും തെളിവെടുപ്പിന്റെയും പ്രധാനഘട്ടങ്ങള്‍ പൂര്‍ത്തിയായതോടെ ദിലീപിന്റെ ജാമ്യം മുമ്പ് തള്ളിയ സാഹചര്യത്തില്‍ മാറ്റമുണ്ടെന്ന് കോടതി വിലയിരുത്തി. കേസില്‍ മുഖ്യ ആസൂത്രകന്‍ ദിലീപാണെന്നാണ് പ്രോസിക്യൂഷന്‍ വാദം. ആരോപണം ഗൗരവമുള്ളതാണെങ്കിലും കുറ്റകൃത്യത്തില്‍ നേരിട്ടുപങ്കുള്ള ഒന്നുമുതല്‍ ആറുവരെ പ്രതികളെപ്പോലെയല്ല ദിലീപിന്റെ അവസ്ഥയെന്ന ഹര്‍ജിഭാഗം വാദം കോടതി പരിഗണിച്ചു.

അതിക്രമത്തില്‍ നേരിട്ട് പങ്കാളിത്തമുണ്ടെന്ന് ആക്ഷേപമില്ല. ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന കാരണത്താലാണ് മറ്റുപ്രതികളുടെ പേരിലുള്ള കുറ്റങ്ങള്‍ ദിലീപിന്റെ േപരിലും ചുമത്തിയിട്ടുള്ളത്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് പങ്കാളിത്തക്കുറ്റം ആരോപിക്കപ്പെട്ടിട്ടുള്ളത്. മൊബൈല്‍ഫോണ്‍ വിളിയുടെ വിവരങ്ങള്‍, ടവര്‍ ലൊക്കേഷന്‍, ബില്ലുകള്‍ തുടങ്ങിയവയാണ് രേഖാമൂലമുള്ള തെളിവുകള്‍.

മജിസ്ട്രേറ്റ് മുമ്പാകെയുള്ള ഇരുപതിലധികം സാക്ഷികളുടെ മൊഴിയാണ് വാക്കാലുള്ള തെളിവ്. പ്രധാനസാക്ഷികളുടെ മൊഴി വേറെയുമുണ്ട്. അതിനാല്‍ വിചാരണയില്‍ ഇടപെട്ടേക്കുമെന്ന് പ്രോസിക്യൂഷന്‍ ആശങ്കയുന്നയിച്ചു. അതിന്റെ പേരില്‍ തുടര്‍കസ്റ്റഡി ആവശ്യമില്ലെന്ന് കോടതി വിലയിരുത്തി. ദിലീപിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പ്രോസിക്യൂഷനും വാദമില്ല. സമൂഹത്തിലും ചലച്ചിത്രമേഖലയിലും വലിയ സ്വാധീനമുണ്ടെന്നും ജാമ്യം നല്‍കുന്നത് കേസ് നടപടികളെ ബാധിക്കുമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദത്തെത്തുടര്‍ന്നാണ് വ്യവസ്ഥകള്‍ നിര്‍ദേശിച്ചത്.

അന്വേഷണം അന്തിമഘട്ടത്തിലെത്തിയെന്ന് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. തെളിവുശേഖരണം തീരാറായി. 90 ദിവസത്തിനകം അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉദ്ദേശ്യം. ചില സാക്ഷികളെ ചോദ്യംചെയ്യാനും ഫൊറന്‍സിക് പരിശോധനാഫലമുള്‍പ്പെടെ റിപ്പോര്‍ട്ടുകള്‍ ലഭിക്കാനുമുണ്ട്. നാദിര്‍ഷയെ ചോദ്യംചെയ്തെങ്കിലും ചില കാര്യങ്ങളില്‍ സഹകരിച്ചില്ല. ഈ ഘട്ടത്തില്‍ ദിലീപിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ബോധിപ്പിച്ചു.

ജാമ്യ വിവരമറിഞ്ഞ്  ദിലീപിന് ആനന്ദക്കണ്ണീര്‍

ആലുവ: ഹൈക്കോടതി ജാമ്യം നല്‍കിയതറിഞ്ഞ ദിലീപിന് സന്തോഷം അടക്കിവെയ്ക്കാനായില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ടി.വി. ചാനലുകളില്‍ നിന്ന് ജാമ്യം ലഭിച്ച വാര്‍ത്തയറിഞ്ഞ ജയില്‍ സൂപ്രണ്ടാണ് ദിലീപിനെ വിവരമറിയിച്ചത്. അല്‍പ്പനേരം നിശ്ശബ്ദനായി നിന്ന ദിലീപിന്റെ കണ്ണുകള്‍ നിറഞ്ഞുകവിഞ്ഞു.

കോടതി ഉത്തരവ് ലഭിച്ചാല്‍ ഇന്നുതന്നെ പുറത്തിറങ്ങാമെന്ന് അറിയിച്ചതോടെ ദിലീപ് ചിരിച്ചു. ദിലീപ് ജയില്‍ അധികൃതരോട് ജാമ്യ ഉപാധികള്‍ ചോദിച്ച് മനസിലാക്കി.
 സെല്ലിലെ മറ്റ് തടവുകാരുമായും ഏറെ സന്തോഷത്തിലാണ് ദിലീപ് സംസാരിച്ചത്.ജാമ്യഹര്‍ജി കോടതി പരിഗണിക്കുന്നുണ്ടെന്ന് വിവരം ദിലീപിന് നേരത്തെ അറിയാമായിരുന്നു. എന്നാല്‍, അനുകൂല വിധിയുണ്ടാകുമെന്ന് ദിലീപ് പ്രതീക്ഷിച്ചിരുന്നില്ല. കുറച്ച് ദിവസമായി 'രാമലീല' വിജയമായതിന്റെ സന്തോഷം ദിലീപിന്റെ മുഖത്ത് ഉണ്ടായിരുന്നുവെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.

സ്വീകരണമൊരുക്കി ആരാധകര്‍
 

dileep

ആലുവ: ദിലീപ് ജയിലില്‍നിന്നു പുറത്തുവരുന്നതുംകാത്ത് നൂറുകണക്കിന് ആരാധകരാണ് ചൊവ്വാഴ്ച വൈകീട്ട് ആലുവ സബ്ജയിലിനു മുന്നിലെത്തിയത്. 85 ദിവസത്തെ ജയില്‍വാസത്തിനുശേഷം വൈകിട്ട് 5.15 -നായിരുന്നു ദിലീപ് ജയിലിനു പുറത്തെത്തിയത്. ആരാധകരുടെ തിരക്ക് നിയന്ത്രിക്കാന്‍ പോലീസിന് രണ്ടുതവണ ലാത്തി വീശേണ്ടി വന്നു.ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് ദിലീപിന് കോടതി ജാമ്യം അനുവദിച്ചത്. ഇതോടെ ദിലീപിന്റെ ആരാധകര്‍ ജയിലിനു മുന്നിലേക്ക് എത്തിക്കൊണ്ടിരുന്നു. രണ്ടരയോടെ ആരാധകരുടെ എണ്ണം ആലുവ സബ് ജയിലിന് മുന്‍പിലെ കൊച്ചു റോഡില്‍ നിയന്ത്രണാതീതമായി. ഇതോടെ തിരക്ക് നിയന്ത്രിക്കാന്‍ പോലീസെത്തി.

ലഡു വിതരണം ചെയ്തും, വര്‍ണക്കടലാസുകള്‍ വിതറിയും ആരാധകര്‍ ദിലീപ് അനുകൂല മുദ്രാവാക്യം വിളിച്ചു. പൂച്ചെണ്ടും നാരങ്ങാമാലയും പൂമാലയും ദിലീപിനെ വരവേല്‍ക്കാനായി എത്തിയിരുന്നവര്‍ കൊണ്ടുവന്നിരുന്നു. നാദിര്‍ഷയുടെ സഹോദരന്‍ സമദ്, കലാഭവന്‍ അന്‍സാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവര്‍ ദിലീപിനെ സ്വീകരിക്കാന്‍ ജയിലിനു മുന്നിലെത്തിയിരുന്നു.

അഞ്ച് മണിയായതോടെ ദിലീപിന്റെ റിലീസ് ഓര്‍ഡറുമായി സഹോദരന്‍ ജയിലിലെത്തുമെന്ന് അറിയിപ്പ് ലഭിച്ചു. ഇതോടെ ജയില്‍ ഗേറ്റിലേക്ക് കൂടി നിന്നവര്‍ തള്ളിക്കയറി. ഇതോടെ പോലീസിന് ലാത്തി വീശേണ്ടിവന്നു. ജയിലിന് മുന്‍പിലേക്ക് പോലീസ് വാഹനങ്ങള്‍ കടത്തിവിടാന്‍ വേണ്ടി രണ്ടാമതും ലാത്തി വീശി. ദിലീപിനുവേണ്ടി മനുഷ്യാവകാശ കമ്മിഷനിനെ സമീപിച്ച പൊതു പ്രവര്‍ത്തകന്‍ സലീം ഇന്ത്യ ജയിലിന് മുന്‍പിലെ തിരക്കിനിടയില്‍ തലകറങ്ങി വീണു. അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

5.10-ന് ജാമ്യ ഉത്തരവിന്റെ പകര്‍പ്പുമായി അഭിഭാഷകന്‍ ജയിലിലേക്ക് കയറി. ദിലീപിന്റെ സഹോദരന്‍ അനൂപ് ജയിലിന് മുന്‍പില്‍ കാത്തുനിന്നു. 5.20-ന് ദിലീപ് പുറത്തേക്ക്. വളര്‍ന്ന താടിയുമായി ചിരിച്ചുകൊണ്ട് കാറിനരികില്‍ നിന്ന് ദിലീപ് ആരാധകരെ അഭിവാദ്യം ചെയ്തു.  കൈവീശിയും കൈകൂപ്പിയും നന്ദി പറഞ്ഞു. കാറില്‍ക്കയറി നേരേ പറവൂര്‍ കവലയിലുള്ള സഹോദരന്റെ വീട്ടിലേക്ക്. ആരാധകര്‍ ബൈക്കില്‍ ദിലീപിന് അകമ്പടിയേകി.