തൃശൂര്‍: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള മള്‍ട്ടിപ്ലക്സ് തിയേറ്റര്‍ കോംപ്ലക്‌സ് ആയ ഡി-സിനിമാസ് ഭൂമി കൈയേറിയ സംഭവത്തില്‍ തൃശൂര്‍ ജില്ലാ ഭരണകൂടം വീഴ്ച വരുത്തിയതായി ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ട്. 

സംസ്ഥാന രൂപവത്കരണത്തിനു മുന്‍പ് തിരുക്കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മ്മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലം 2005ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണു പരാതി. 

ആലുവ സ്വദേശി സന്തോഷ് നല്‍കിയ പരാതിയില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ എം.എസ് ജയ ദിലീപിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഹൈക്കോടതി ഹിയറിങ്ങിനായി ലാന്‍ഡ് റവന്യൂ കമ്മീഷണറോട് നിര്‍ദേശിച്ചു. 

നേരത്തെ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കിയ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍, വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍ തൃശ്ശൂര്‍ ജിലാ കളക്ടര്‍ രണ്ടു വര്‍ഷമായിട്ടും ഉത്തരവില്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് പരാതിക്കാര്‍ പറയുന്നു. ആറു തവണ കളക്ടറെ നേരിട്ട് കണ്ടിട്ടും പരിഹാരമുണ്ടായില്ല.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജയിലിലായി ഡി സിനിമാസിന്റെ ഭൂമി വീണ്ടും വിവാദമായപ്പോള്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.