complaint against Cardinal Mar George Alencherry Metropolitan
പരാതിയും പരാതിക്കാരനും

കൊച്ചി: സീറോ മലബാര്‍ സഭ ഭൂമിയിടപാട് വിവാദത്തില്‍ കര്‍ദിനാള്‍ ജോര്‍ജ്‌ ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. കേരള കാത്തലിക് അസോസിയേഷന്‍ ഫോര്‍ ജസ്റ്റീസ് എന്ന സംഘടനയുടെ പ്രതിനിധിയായി അഡ്വ. പോളച്ചന്‍ പുതുപ്പാറ എന്നയാളാണ് എറണാകുളം റെയ്ഞ്ച് ഐജിക്ക് പരാതി നല്‍കിയിരിക്കുന്നത്. കര്‍ദിനാള്‍ ജോര്‍ജ്‌ ആലഞ്ചേരി, പൊക്യുറേറ്റര്‍ ഫാദര്‍  ജോഷി പുതുവ, വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ എന്നിവരെ പ്രതികളാക്കിയാണ് പരാതി.

വിഷയം സഭയ്ക്കകത്ത് ഒതുക്കിത്തീര്‍ക്കാവുന്നതല്ലെന്നും നടന്നിരിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും പത്രസമ്മേളനത്തില്‍ പോളച്ചന്‍ പുതുപ്പാറ പറഞ്ഞു. വിശ്വാസികളുടെ പണമാണ് സഭയ്ക്കുള്ളത്. അതിനാല്‍ ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട് നഷ്ടമുണ്ടായിരിക്കുന്നത് വിശ്വാസികള്‍ക്കാണ്. സഭയ്ക്കകത്ത് ഒതുക്കിത്തീര്‍ക്കാവുന്ന ഒരു വിഷമല്ല ഇത്. പോലീസ് നടപടി ആവശ്യപ്പെടുന്ന ഒരു നീക്കവും ഇതുവരെ ഉണ്ടായിട്ടില്ല. അതിനാലാണ് നടപടി ആവശ്യപ്പെട്ട് ഐജിക്ക് പരാതി നല്‍കിയത്. രണ്ടാഴ്ചയ്ക്കകം നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും പോളച്ചന്‍ പറഞ്ഞു.

ഭൂമിയിടപാട് നടന്നതില്‍ വലിയ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ട്. 29 കോടിയുടെ ഇടപാട് നടന്നിട്ടും കിട്ടിയത് 9 കോടി മാത്രം. ബാക്കി 20 കോടി എവിടെ പോയി. വസ്തു വില്‍ക്കുമ്പോള്‍ മുഴുവന്‍ പണവും കിട്ടാതെ നമ്മള്‍ ആധാരത്തില്‍ ഒപ്പിട്ടു നല്‍കുമോ. മാര്‍ ആലഞ്ചേരി ബുദ്ധിയില്ലാത്ത ആളൊന്നുമല്ല. കേരള സര്‍വകലാശാലയില്‍ നിന്ന് എക്കണോമിക്‌സില്‍ ബിഎയ്ക്ക് റാങ്കോടെ പാസായ ആളാണ്. അദ്ദേഹമാണ് എല്ലാ ആധാരങ്ങളിലും ഒപ്പിട്ടു നല്‍കിയിരിക്കുന്നതും.

മാത്രമല്ല, മൂന്നേക്കര്‍ സ്ഥലം 36 പ്ലോട്ടുകളായി തിരിച്ചാണ് വില്‍പന നടത്തിയിരിക്കുന്നത്. ഇത് സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുന്നതിന് വേണ്ടിയാണ്. ഇതുമൂലം സര്‍ക്കാരിന് രണ്ടു കോടി രൂപയാണ് ലഭിക്കാതെ പോയത്. ഭൂമിയിടപാടില്‍ തനിക്ക് തെറ്റുപറ്റിയെന്ന് കര്‍ദിനാള്‍ ആലഞ്ചേരി സീറോ മലബാര്‍ സഭ സിനഡിനെ അറിയിച്ചിട്ടുമുണ്ടെന്നും പരാതിയില്‍ പറയുന്നു.

വൈദിക സമ്മേളനത്തെ കുറിച്ച് സഹായ മെത്രാന്‍ എടയന്ത്രത്ത് വൈദികര്‍ക്ക് അയച്ച സര്‍ക്കുലറും മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും ഉള്‍പ്പെടെയാണ് പരാതി പോളച്ചന്‍ പുതുപ്പാറ നല്‍കിയിരിക്കുന്നത്. മറ്റ് അതിരൂപതകളിലും ഇത്തരത്തിലുള്ള വെട്ടിപ്പുകള്‍ നടക്കുന്നണ്ടെന്നും സഭയുടെയും പള്ളികളുടെയും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാന്‍ ദേവസ്വം, വഖഫ് മാതൃകയില്‍ ചര്‍ച്ച് ആക്ട് കൊണ്ടുവരണമെന്നും പോളച്ചന്‍ പുതുപ്പാറ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.