തിരുവനന്തപുരം: സദാചാര ഗുണ്ടായിസത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കരുനാഗപ്പള്ളിയില്‍ യുവതീ യുവാക്കളെ ആക്രമിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചതായും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

യുവതീയുവാക്കളെ സദാചാരഗുണ്ടകള്‍ ആക്രമിക്കുന്നതും അക്രമത്തിനിരയായവര്‍ യാചിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. അക്രമികള്‍ ഉപയോഗിക്കുന്ന വാക്കുകളും ഭാഷയും ഏറെ നികൃഷ്ടവും സാംസ്‌കാരികബോധത്തിന് നേരെയുള്ള കൊഞ്ഞനം കുത്തലുമാണ്. ഏതു സാഹചര്യത്തിലായാലും പൊതുജനങ്ങളെ കൈയ്യേറ്റം ചെയ്യാനോ കടന്നുപിടിക്കാനോ ആര്‍ക്കും അധികാരം നല്‍കിയിട്ടില്ല. ഈ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ചു എന്നത് കടുത്ത നിയമലംഘനമാണ്. അതിനു പിന്നിലുള്ള ആളെയും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പോസ്റ്റില്‍ വ്യക്തമാക്കി.

ക്യാമ്പസുകളിലോ പാര്‍ക്കുകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ സംസാരിച്ചിരിക്കുന്ന ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ദൃശ്യങ്ങള്‍ പകര്‍ത്തി അത് സദാചാരവിരുദ്ധമായ കാര്യമായി പ്രചരിപ്പിച്ചു തുടങ്ങിയാല്‍ എന്തായിരിക്കും സ്ഥിതിയെന്ന് എല്ലാവരും മനസ്സിലാക്കണം. ഇത്തരം ക്രിമിനല്‍ ചട്ടമ്പിത്തരങ്ങള്‍ കേരളത്തില്‍ അനുവദിക്കുകയില്ലെന്നും ഇക്കാര്യത്തില്‍ കര്‍ശനമായി ഇടപെടാന്‍ പോലീസ് മേധാവിയോട് നിര്‍ദ്ദേശിച്ചതായും പിണറായി വ്യക്തമാക്കി.