കോട്ടയം:  പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കം ചെയ്ത രീതി മനോവിഷമം ഉണ്ടാക്കിയെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇക്കാര്യത്തിലുള്ള പ്രതിഷേധവും വിഷമമവും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ക്രൈസ്തവരെ സംബന്ധിച്ച് കുരിശ് എന്നത് വിശ്വാസത്തോടു വളരെയേറെ ബന്ധപ്പെട്ടു കിടക്കുന്ന അടയാളമാണ്. എന്നാല്‍ വനഭൂമി കയ്യേറി കുരിശ് സ്ഥാപിക്കുന്നതിനെ സഭ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

"വനഭൂമി കൈയ്യേറ്റത്തിനെ ന്യായീകരിക്കുന്നില്ല. എല്ലാ മതസ്ഥരും പൊതുസ്ഥലങ്ങളില്‍ അവരുടേതായ ചില കാര്യങ്ങള്‍ സ്ഥാപിക്കുന്ന രീതി ദശകങ്ങളായി ഉണ്ടായിരുന്നു. ഇപ്പോള്‍ അവയ്‌ക്കൊക്കെ എതിരായി സര്‍ക്കാര്‍ നടപടി എടുക്കുകയായിരിക്കും ചെയ്യുന്നത്. ഏതായാലും ഇക്കാര്യത്തില്‍ സഭയുടെ നിലപാട് വ്യക്തമാണ്. 

വനഭൂമി കൈയേറി കുരിശു സ്ഥാപിക്കുന്നത് സഭയുടെ പ്രഖ്യാപിത നടപടിയല്ല. സഭ വനഭൂമി കൈയേറ്റത്തെ അംഗീകരിക്കുന്നില്ല. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് സഭ എതിരല്ലെന്നും മതവികാരം വ്രണപ്പെടും എന്ന ആശങ്കയാകാം മുഖ്യമന്ത്രിയുടെ പ്രതികരണത്തിനു കാരണ"മെന്നും കര്‍ദിനാള്‍ പറഞ്ഞു.

കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും അതു ചെയ്യുന്നതില്‍ തെറ്റുമില്ലെന്നും കെസിബിസി അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം പറഞ്ഞു. 'പക്ഷേ പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കം ചെയ്ത രീതി മനോവിഷമം ഉണ്ടാക്കി. കുരിശ് ആരാധനാ വസ്തുവാണ്. അത് ജെസിബി വച്ച് തകര്‍ക്കേണ്ടിയിരുന്നില്ല. മാന്യമായ രീതിയില്‍ അതു പൊളിച്ചുനീക്കാമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതാണ് പറഞ്ഞത്. ആ നിലപാടിനെ പ്രശംസിക്കുന്നുവെന്നും' ആര്‍ച്ച് ബിഷപ് വ്യക്തമാക്കി.

സ്പിരിറ്റ് ഇന്‍ ജീസസുമായി സീറോ മലബാര്‍ സഭയ്ക്കു ബന്ധമില്ലെന്നു എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പറഞ്ഞു. സര്‍ക്കാര്‍ ഭൂമി കയ്യേറാന്‍ പാടില്ലെന്നതാണു സഭ നിലപാട്. കുരിശ് ബഹുമാനിക്കപ്പെടണം. കയ്യേറ്റ ഭൂമിയില്‍ കുരിശ് സ്ഥാപിക്കുന്നതു സഭ പ്രോല്‍സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ആദരവോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് കുരിശ്. അതു അനാദരവുണ്ടാകുന്ന സ്ഥലങ്ങളില്‍ സ്ഥാപിക്കാതിരിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്നു ഫാ.പോള്‍ തേലക്കാട്ട് പറഞ്ഞു. മതചിഹ്നങ്ങള്‍ ഉപയോഗിച്ചു ആധിപത്യം സ്ഥാപിക്കാനുള്ള ത്വര ഒഴിവാക്കണം. അത് മതങ്ങളെ മലിനമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.