തിരുവനന്തപുരം: ബ്ലൂ വെയില്‍ മൊബൈല്‍ ഗെയിം വ്യാപിക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. കുട്ടികളെ ലക്ഷ്യം വെച്ചുള്ള ഗെയിം ഇന്ത്യയില്‍ പലയിടത്തും ജീവനുകള്‍ അപഹരിച്ചു കഴിഞ്ഞു എന്നാണ് മാധ്യമങ്ങളില്‍ നിന്നു മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഗെയിം നിരോധിച്ച് ഇന്റര്‍നെറ്റില്‍  ലഭ്യമല്ലാതാക്കാന്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.  

ബ്ലൂവെയില്‍ സമൂഹത്തിനാകമാനം ഭീഷണിയാണെന്നും അടിയന്തരപ്രാധാന്യത്തോടെ ഇതിനെതിരായ നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെടുന്നു. കേരളത്തിലെ സൈബര്‍ പോലീസ് ബ്ലൂവെയിലിനെതിരായ ബോധവല്‍ക്കരണം നടത്തുന്നുണ്ടെങ്കിലും അത് പര്യാപ്തമല്ലെന്നും സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ പരിമിതികളുണ്ടെന്നും കത്തില്‍ വിശദീകരിക്കുന്നു. ബ്ലൂവെയിലിനെ പ്രതിരോധിക്കാന്‍ അതിനെ രാജ്യത്ത നിരോധിക്കേണ്ടതുണ്ടെന്നും അതിന് കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നുമാണ് മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്.