തിരുവനന്തപുരം: കേരളത്തില്‍ ജിഹാദി ഭീകര പ്രവര്‍ത്തനം ശക്തമാക്കിയത് ഇടത് വലത് മുന്നണികള്‍ ചേര്‍ന്നാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം വി മുരളീധരന്‍. 

കേരളത്തെ ജിഹാദി ഭീകര പ്രവര്‍ത്തനത്തിന് വളക്കൂറുള്ള മണ്ണാക്കി മാറ്റിയത് ഇവരാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരള രാഷ്ട്രീയത്തില്‍ പരിമിത സ്ഥാനം മാത്രമുണ്ടായിരുന്ന മുസ്ലീം ലീഗിനെ പ്രധാന സ്ഥാനത്ത് പ്രതിഷ്ഠിച്ചതില്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും ഒരു പോലെ പങ്കുണ്ട്. മലപ്പുറം ജില്ലാ രൂപീകരണവും ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ അഞ്ചാം മന്ത്രിസ്ഥാനവുമൊക്കെ ഇതിനുദാഹരണമാണ്.

കേരളത്തില്‍ സ്വതന്ത്ര ചിന്തയ്ക്കും രാഷ്ട്രീയ പ്രവര്‍ത്തനത്തിനും ഇന്ന് ഇടമില്ലാതായി. സിപിഎം സ്വീകരിക്കുന്ന രാഷ്ട്രീയ അസഹിഷ്ണുതയാണ് ഇതിന് കാരണം. 

കേരളത്തില്‍ ജീവനക്കാരുടെ സ്ഥലം മാറ്റം മുതല്‍ രാഷ്ട്രീയ എതിരാളികളുടെ കൊലപാതകം വരെ സിപിഎം ഭീകരവാദം മൂലം നടക്കുന്നതാണ്. 

ചുവപ്പ്- ജിഹാദി ഭീകരതകള്‍ കേരളത്തെ തകര്‍ക്കുകയാണ്. ഈ ഭീഷണികളിലും കേരളത്തിലെ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാനാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ജനരക്ഷാ യാത്ര നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ മൂന്നിന് പയ്യന്നൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ജനരക്ഷാ യാത്ര ഉദ്ഘാടനം ചെയ്യും. പ്രതിരോധ മന്ത്രി അടക്കമുള്ള കേന്ദ്ര നേതാക്കള്‍ വിവിധയിടങ്ങളില്‍ ജാഥയില്‍ പങ്കെടുക്കുമെന്നും വി മുരളീധരന്‍ പറഞ്ഞു.

ഒക്ടോബര്‍ 17ന് തിരുവന്തപുരത്ത് യാത്ര അവസാനിക്കും. സമാപന സമ്മേളനത്തിലും അമിത് ഷാ പങ്കെടുക്കുമെന്ന് മുരളീധരന്‍ അറിയിച്ചു.