കൊച്ചി:  അമിത് ഷാ പല്ലുകൊഴിഞ്ഞ സിംഹമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.

അമിത് ഷായെക്കുറിച്ച് കോടിയേരി അങ്ങനെ പറഞ്ഞത് സിംഹത്തെ അദ്ദേഹം കണ്ടിട്ടില്ലാത്തതുകൊണ്ടാണെന്നായിരുന്നു കണ്ണന്താനത്തിന്റെ പ്രതികരണം.

അമിത് ഷാ പിണറായിയിലൂടെ ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാതിരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത് അനുസരിച്ചാണ് അമിത് ഷാ യാത്ര ഒഴിവാക്കിയതെന്ന് കണ്ണന്താനം പറഞ്ഞു. അദ്ദേഹം പാര്‍ട്ടിയുടെ അധ്യക്ഷനാണ്. ഉത്തരവാദപ്പെട്ട ചുമതലകള്‍ അദ്ദേഹത്തിനുണ്ട്.

ജനരക്ഷാ യാത്ര കഴിയുന്നതോടെ കേരളം ബിജെപി പിടിച്ചെടുക്കുമെന്നും കണ്ണന്താനം പറഞ്ഞു. കൊച്ചിയില്‍ ഓള്‍ കേരള സിബിഎസ്ഇ പ്രിന്‍സിപ്പല്‍സ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കണ്ണന്താനം.

കള്ളക്കടത്തുകാര്‍ക്കും അവരുടെ മക്കള്‍ക്കും മാത്രമേ മെഡിക്കല്‍ വിദ്യാഭ്യാസം സാധ്യമാകൂ എന്നതാണ് സ്ഥിതി. 75 ലക്ഷത്തോളമാണ് മെഡിക്കല്‍ വിദ്യാഭ്യാസത്തിന് വേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.