തിരുവനന്തപുരം: ഫോണ്‍കെണി കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായിരുന്ന എ.കെ ശശീന്ദ്രന് ഇനി മന്ത്രിയാകാന്‍ തടസ്സമില്ലെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍. കേസുമായി ബന്ധപ്പെട്ട് കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച് കഴിഞ്ഞു. 

റിപ്പോര്‍ട്ടില്‍ ശശീന്ദ്രന്‍ തെറ്റുകാരനാണെന്ന് പറയുന്നില്ല. അതുകൊണ്ട് തന്നെ ശശീന്ദ്രന് മന്ത്രിയാകുന്നതിന് തടസ്സമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ശശീന്ദ്രന്റെ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് ഘടകക്ഷികളുമായി ചര്‍ച്ച നടത്തുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. ഇന്നും നാളെയുമായി നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷം തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു. 

ഫോണ്‍കെണി കേസ് റിപ്പോര്‍ട്ടില്‍ ശശീന്ദ്രന്‍ തെറ്റുകാരനാണെന്ന് പറയുന്നില്ലെന്നും അതുകൊണ്ട് അദ്ദേഹത്തിന് മന്ത്രിസ്ഥാനത്തേക്ക് തിരിച്ച് വരുന്നതില്‍ തടസ്സമില്ലെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും പ്രതികരിച്ചിരുന്നു. 

മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കുക, ചാനല്‍ സി.ഇ.ഒ അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യുക, ഫോണ്‍ സംഭാഷണം സംപ്രേഷണം ചെയ്തതിന്റെ രാഷ്ട്രീയ മാനങ്ങള്‍ അന്വേഷിക്കുക തുടങ്ങിയവ മാത്രമായിരുന്നു റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍. 

ഗതാഗത മന്ത്രി തോമസ് ചാണ്ടി കായല്‍ കൈയേറ്റ ആരോപണവുമായി ബന്ധപ്പെട്ട് മന്ത്രിസ്ഥാനം രാജിവെച്ചതോടെ നിലവില്‍ എന്‍.സി.പിക്ക് ഒരു മന്ത്രിസ്ഥാനം ഒഴിവുണ്ട്. ഘടക കക്ഷികളുമായി ചര്‍ച്ച നടത്തിയ ശേഷം അടുത്ത ദിവസങ്ങളില്‍ തന്നെ എ.കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് എത്തുമെന്ന് തന്നെയാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിശദീകരണം.