തിരുവനന്തപുരം: കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിലെ ക്വട്ടേഷന്‍ സംഘം ആര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിച്ചത് എന്നതിനെകുറിച്ചും  അന്വേഷിക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍.     

തട്ടികൊണ്ടുപോയത് ക്വട്ടേഷന്‍ സംഘമാണെന്നും ഇതിനു പിന്നില്‍ വ്യക്തമായ ആസൂത്രണം നടന്നിട്ടുണ്ടെന്നുമാണ് പോലീസ് പറയുന്നുന്നത്. എന്നാല്‍ ക്വട്ടേഷന്‍ സംഘം ആര്‍ക്കുവേണ്ടിയാണ് ഈ കൃത്യം നടത്തിയത് എന്നതിക്കെുറിച്ച് പോലീസ്  ഒരന്വേഷണവും  ഇതുവരെ നടത്തുന്നുമില്ല. സിനിമ മേഖലയില്‍ നിന്നും ഒരു പ്രമുഖ നടനുമായുള്ള വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ഈ നടിക്ക് കടുത്ത അവഗണയാണ് നേരിടേണ്ടിവന്നത്. ഈ കുടിപ്പക  സംഭവത്തിന് കാരണമായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കണം. മുരളീധരന്‍ ആവശ്യപ്പെട്ടു.

കേരളത്തില്‍ സിനിമ മേഖലയില്‍ സമരം നടന്നപ്പോള്‍ തീയേറ്റര്‍ ഉടമകളുടെ സംഘടനയുടെ നേതൃത്വം ഒരു മാഫിയയില്‍ നിന്നും മറ്റൊരു മാഫിയ ഏറ്റെടുക്കുന്നതാണ് നാം കണ്ടത്. നടിക്കെതിരെ നടന്ന ഈ സംഭവത്തില്‍ ക്വട്ടെഷന്‍ സംഘങ്ങളെ അയച്ചതില്‍  ഈ മാഫിയയ്ക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കേണ്ടതാണ്. സിനിമ മേഖലയെ മാഫിയകളുടെ നീരാളിപിടിത്തത്തില്‍ നിന്നും മോചിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച  ഈ സംഭവത്തില്‍ എത്ര ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും അവരെയെല്ലാം നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരിക തന്നെ ചെയ്യണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.